f

വർഷങ്ങൾ നീണ്ട പ്രതിഷേധത്തിനും സമരങ്ങൾക്കുമൊടുവിലാണ് കുതിരാനിലെ ടണലുകൾ പണിതത്. രണ്ടാം ടണൽ തുറന്ന് രണ്ടുവർഷം പിന്നിടുമ്പോൾ വീണ്ടും ഗതാഗക്കുരുക്കിൽ കുരുങ്ങുകയാണ് നൂറുകണക്കിന് യാത്രക്കാർ. കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള ടണൽ, ഗാൻട്രി കോൺക്രീറ്റിംഗ് നടത്താൻ അടച്ചതോടെയാണിത്. പണിതീർത്തു എന്ന് അവകാശപ്പെട്ടെങ്കിലും പണി ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് ചുരുക്കം. ഗതാഗതം ഒറ്റവരിയാക്കിയതിനെ തുടർന്നാണ് യാത്രാക്ളേശം രൂക്ഷമായത്. പഴയ റോഡ് അടച്ചില്ലായിരുന്നെങ്കിൽ അതുവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിഞ്ഞാൽ ഗതാഗതതടസം ഒഴിവാകുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ യാതൊരു മുൻധാരണയുമില്ലാതെ പഴയറോഡ് കൊട്ടിയടച്ചു.

ഒരു ടണലിൽ നിരവധി വാഹനങ്ങൾ രണ്ടുദിക്കിലേക്കും കടന്നുപോകുന്നത് ഏറെ അപകടകരമാണ്. വൻതോതിൽ കാർബൺ മോണാേക്‌സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ ടണലിൽ നിറയും. ഏതെങ്കിലും വാഹനം കേടുവന്നാൽ ഗതാഗതക്കുരുക്കും മുറുകും. അതുകൊണ്ട് വേനലവധിക്കാലത്ത് വൻ തിരക്കിനും വഴിയൊരുക്കും. കോൺക്രീറ്റിംഗ് തുടങ്ങുന്നതിന് മുൻപേ, ബ്‌ളോവറുക അഴിച്ചു. പത്ത് ബ്‌ളോവറും ലൈറ്റും അഴിച്ച ശേഷമാണ് കോൺക്രീറ്റിംഗ് തുടങ്ങുന്നത്. കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. രണ്ട് പൊലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുമുണ്ട്. കൊമ്പഴയിൽ നിന്ന് ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വൈകിട്ടാണ് വാഹനങ്ങൾ തുരങ്കത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ഇടപെടൽ പൊലീസ് നിരന്തരം നടത്തുന്നുണ്ട്. രാത്രികാലങ്ങളിൽ ടണലിൽ ഗതാഗതടസമുണ്ടാകാതിരിക്കാനുള്ള കരുതലും സ്വീകരിച്ചിട്ടുണ്ട്.

4 മാസത്തിനുള്ളിൽ

പണി തീരുമോ ?

നാല് മാസത്തിനുള്ള കോൺക്രീറ്റിംഗ് കഴിയുമെന്നാണ് പറയുന്നതെങ്കിലും അതിലേറെ സമയമെടുക്കുമെന്നാണ് വിവരം. ടണലിന്റെ മുകൾഭാഗത്ത് പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്ത് ദൃഢപ്പെടുത്തുന്ന ജോലികളും ആർച്ചുകൾക്ക് മീതെ കംപ്രസർ ഉപയോഗിച്ച് കോൺക്രീറ്റിംഗ് അടക്കമുള്ള പണികളുമാണ് ചെയ്യുക. ഇത്രയും പണികൾ നാല് മാസത്തിനുള്ളിൽ സാദ്ധ്യമാകുമോയെന്നാണ് യാത്രക്കാർ സംശയിക്കുന്നത്. വഴുക്കുംപാറ മേൽപ്പാതയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ കഴിഞ്ഞ ജൂൺ മുതൽ മേൽപ്പാലത്തിന്റെ മൂന്ന് വരി പൂർണമായും അടച്ചാണ് നിർമ്മാണം നടത്തിയത്. മേൽപ്പാലം തുറന്നതോടെ യാത്രക്കാർ ആശ്വാസത്തിലായിരുന്നു. അതിനിടെയാണ് വീണ്ടും ടണൽ അടച്ച് പണി തുടങ്ങുന്നത്.

ടണലിന്റെ ദൂരം ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ വരെ 962 മീറ്ററാണ്. ഗ്യാൻട്രി കോൺക്രീറ്റിംഗ് ചെയ്യേണ്ട ദൂരം 490 മീറ്ററും. കോൺക്രീറ്റിടുന്ന കനം 30 ഇഞ്ചാണുളളത്.

ടോൾ പിരിവ്

നിറുത്തുമോ?

കൂടുതൽ തൊഴിലാളികളെ രാപ്പകൽ നിയോഗിച്ച് വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിർമ്മാണം കഴിയും വരെ പന്നിയങ്കരയിൽ നിർമാണ കമ്പനി ടോൾ പിരിക്കുന്നത് നിറുത്തണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. പാലിയേക്കര മുതൽ പന്നിയങ്കര വരെ 32 കി.മീറ്റർ ദൂരത്തിൽ രണ്ട് ടോൾപ്‌ളാസ പാടില്ലെന്നാണ് നിയമം. രണ്ട് ടോൾ പ്ലാസകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം വേണമെന്ന നിയമവും ഇവിടെ ലംഘിക്കുകയാണ്. ടണലിന്റെയും മേൽപ്പാലത്തിന്റെയും ഉപയോഗമില്ലാത്തതിനാൽ ടോൾ പിരിവിന്റെ 65 ശതമാനം വെട്ടിക്കുറയ്ക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിട്ടുണ്ട്. പൂർണമായും സജ്ജമായ റോഡിൽ യാത്ര ചെയ്യാനാണ് ടോൾ നൽകുന്നതെന്നും അല്ലാത്തപക്ഷം ടോൾ പിരിക്കാൻ അനുമതി നൽകരുതെന്നുമാണ് ആവശ്യം. എന്നാൽ, ടോൾ പിരിവിന്റെ 65 ശതമാനം ടണൽ നിർമ്മാണ ഫണ്ടിലേക്കാണ് പോകുന്നതെന്നായിരുന്നു കമ്പനിയുടെ വാദം.

മഴക്കാലത്തെ

ചോർച്ച പാഠമായി

രണ്ട് ടണലും ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോഴും ആദ്യടണലിൽ പൂർണമായും കോൺക്രീറ്റിട്ടിരുന്നില്ല. ഇത് പൂർത്തിയാക്കാത്തതിനാൽ മഴക്കാലത്ത് മലയുടെ മുകളിൽ നിന്ന് ശക്തമായ ചോർച്ചയാണ് ഉണ്ടാകാറുള്ളത്. ഇത് ടണലിനുള്ളിലെ ഗതാഗതത്തിന് ഭീഷണിയായിരുന്നു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാനും തുടങ്ങി. തുടർന്നാണ് കോൺക്രീറ്റിംഗ് വേഗം തുടങ്ങാൻ തീരുമാനമായത്. പണി പൂർത്തീകരിക്കാൻ മൂന്നുമാസത്തിലേറെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ടണലിനുള്ളിലും റിസർവോയറിന് കുറുകെയുള്ള പാലത്തിലും മുൻപേ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ദേശീയപാത സുരക്ഷാ പരിശോധനാ സംഘങ്ങൾ, ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘാംഗങ്ങൾ എന്നിവർ നടത്തിയ പരിശോധനയിൽ ഈ ഭാഗം ഉടൻ കോൺക്രീറ്റിംഗ് നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

തൃശൂർ ഭാഗത്തേക്കുള്ള ടണലിനുള്ളിലെ മുകൾഭാഗത്ത് അരക്കിലോമീറ്റർ മാത്രമാണ് കോൺക്രീറ്റിംഗ് ചെയ്തത്. ഇവിടെ ഷോർട്ട് കോൺക്രീറ്റിംഗ് മാത്രമാണുള്ളത്. ദേശീയപാത നിർമ്മാണ കമ്പനിയായിരുന്ന തൃശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡിനെ പുനെ ആസ്ഥാനമായ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. വഴുക്കുംപാറയിലെ സുരക്ഷാ ഭിത്തി നിർമ്മാണവും കുതിരാനിലെ കോൺക്രീറ്റിംഗും പൂർത്തിയാക്കിയ ശേഷം പുതിയ കമ്പനിക്ക് പാത വിട്ടുനൽകും. കരാർ പ്രകാരം കെ.എം.സി കമ്പനി ടണലിന്റെ നിർമ്മാണം പൂർത്തീകരിച്ചുകൊടുക്കണം. ഇതിനായാണ് ഉടൻ പണി തുടങ്ങുന്നത്.

ടണൽ കഴിഞ്ഞ് പാലക്കാട്ടേയ്ക്കുള്ള വഴിയിൽ 100 മീറ്റർ കഴിയുമ്പോൾ മൂന്നുവരി റോഡ് രണ്ടുവരിയായി ചുരുങ്ങും. പത്തര മീറ്റർ വീതിയാണ് മൂന്നുവരി റോഡിനുള്ളത്. എന്നാൽ, രണ്ട് വരിക്ക് എട്ടു മീറ്റർ മാത്രമാണുള്ളത്. റോഡിന്റെ ഒരു ഭാഗത്ത് അഞ്ചടിയോളം താഴ്ചയുമുണ്ട്. നിരന്തരം അപകടങ്ങൾക്കും സാദ്ധ്യതയേറെയാണിവിടം.

പണമില്ലാതെ മുടങ്ങിയ കുതിരാൻ

ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത കുതിരാൻ തുരങ്കനിർമ്മാണവും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണവും പണം ലഭ്യമാക്കാത്തതിനാൽ പലതവണ അനിശ്ചിതാവസ്ഥയിലായിരുന്നു. ഇനിയുളള പണികളും അങ്ങനെയാകുമോ എന്നാണ് ഉയരുന്ന ആശങ്ക.

ഒമ്പത് ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച ഫണ്ട്, കമ്പനി മറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതും സാമ്പത്തിക പ്രതിസന്ധിയും കാരണം ശമ്പളക്കുടിശ്ശിക അടക്കം നൽകാൻ വൈകിയതോടെ ടണൽ നിർമ്മാണം അനിശ്ചിതമായി വെെകിയിരുന്നു.

രണ്ട് വർഷത്തെ ശമ്പളം പോലും നൽകാനുണ്ടായിരുന്നു. ശമ്പളം നൽകാമെന്നുള്ള വാഗ്ദാനം പല തവണ മുടങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ സമരവും നടത്തി.

ആദ്യം തുരങ്കനിർമ്മാണം നടത്തിയ കമ്പനിയ ഒഴിവാക്കിയ ശേഷം കെ.എം.സി ഏറ്റെടുക്കുകയായിരുന്നു. പിന്നീടും ടണൽ നിർമ്മാണം നീണ്ടു.