മുരിയാട് : പഞ്ചായത്തിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വനിതാ വ്യവസായ ഷെഡിന്റെ പറമ്പിൽ മഴയും വെയിലും കൊണ്ട് നശിക്കുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർഫീ വാങ്ങി വീട്ടുകാരെ കൊണ്ട് തന്നെ വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇങ്ങനെ പുറത്ത് വലിച്ചു വാരിയിട്ട് നശിപ്പിക്കുന്നത്. അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുകയാണ് ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പഞ്ചായത്താണ്. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് എം.സി.എഫുകൾ സ്ഥാപിക്കുമെന്ന് രണ്ടു വർഷം മുൻപ് നടത്തിയ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ചതാണെങ്കിലും രണ്ടു വർഷംകഴിഞ്ഞിട്ടും ഒന്നുപോലും സ്ഥാപിച്ചില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ഹരിതകർമ്മ സേന ശേഖരിക്കുന്ന വസ്തുക്കൾ നിശ്ചിത വിലയ്ക്ക് ക്‌ളീൻ കേരള കമ്പനിക്ക് നൽകുക വഴി പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശ സ്ഥാപനം എന്നിവരെല്ലാം പങ്കാളിയായ ഈ ബൃഹത് പദ്ധതി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതമൂലം നശിച്ചു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പറഞ്ഞു.

ശേഖരിക്കുന്ന വസ്തുക്കൾ കെട്ടിക്കിടന്ന് മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുവഴി പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാവുകയാണ്. ഈ ഉപയോഗ ശൂന്യമായ വസ്തുക്കൾ സ്വകാര്യ ഏജൻസിക്ക് പണം കൊടുത്ത് നൽകേണ്ട അവസ്ഥയിലാണ്.

- കോൺഗ്രസ്