
തൃപ്രയാർ: ബുധനാഴ്ച ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 10.50ഓടെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. അയോദ്ധ്യ പ്രതിഷ്ഠയ്ക്ക് മുൻപുള്ള സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിക്കും. വലപ്പാട് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ രാവിലെ 10.17ഓടെ എത്തിച്ചേരും. . ആദ്യമായാണ് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിലെത്തുന്നത്. കളക്ടർ വി.ആർ.കൃഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കർ, വലപ്പാട് സി.ഐ കെ.എസ്.സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി. എസ്.പി.ജിയുടെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തിചർച്ച നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, ദേവസ്വം സ്‌പെഷൽ കമ്മിഷണർ സി.അനിൽകുമാർ, ദേവസ്വം മാനേജർ എ.പി.സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ക്ഷണിച്ചത് തന്ത്രി
ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിനാണ് കത്തയച്ചത്. ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും കത്തിൽ പ്രതിപാദിച്ചിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ
വിവാഹ സമയത്ത് രണ്ട്
വിവാഹങ്ങൾക്കുകൂടി അനുമതി
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇതേ മുഹൂർത്തത്തിൽ രണ്ട് വിവാഹം കൂടി നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുക. രണ്ടാമത്തെ മണ്ഡപം ഒഴിച്ചിടും. മൂന്നും നാലും മണ്ഡപങ്ങളിലാണ് ഈ സമയം വിവാഹങ്ങൾക്ക് അനുമതി.
ഇതിനായി പ്രത്യേകം അപേക്ഷ പൊലീസിന് നൽകണം. അനുമതി ലഭിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് പകർപ്പ് ഉൾപ്പെടെ നൽകി പാസ് വാങ്ങണം. കൊവിഡിനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തണം. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ ആറുമുതൽ ഒമ്പതുവരെ നടക്കേണ്ട എല്ലാ വിവാഹങ്ങളുടെയും സമയം മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് വിവാദമായതോടെയാണ് പുതിയ ക്രമീകരണം. 17ന് രാവിലെ 7.40നാണ് പ്രധാനമന്ത്രി ദർശനത്തിന് ക്ഷേത്രത്തിലെത്തുക. എട്ടുവരെ ക്ഷേത്രത്തിൽ ചെലവഴിക്കുന്ന പ്രധാനമന്ത്രി തുടർന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. ഒമ്പതരയ്ക്ക് മടങ്ങും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി രാവിലെയുള്ള പൂജകൾ ഏഴ് മണിയോടെ പൂർത്തിയാക്കും. എസ്.പി.ജി സംഘം ഇന്നലെ ക്ഷേത്രത്തിനകത്ത് പരിശോധന നടത്തി.