cyriac

കൊടുങ്ങല്ലൂർ : ജാതി നോക്കി അയാളുടെ രാജ്യസ്‌നേഹത്തെ അളക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ല. രാജ്യസ്‌നേഹം രക്തത്തിലുള്ളതാണ്. അതിൽ മതവും ജാതിയുമായി ബന്ധമില്ല. മത സൗഹാർദ സംഗീത, നൃത്ത കലാമേളയായ ഹാർമണി ഫെസ്റ്റിവൽ ദശവത്സരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങൾക്കും തുല്യ അവകാശം ഉറപ്പു നൽകുന്നതാണ് ഇന്ത്യയുടെ ഭരണഘടന. മറ്റു മതങ്ങളെ ഉൾക്കൊളളുന്നതുപോലെ മറ്റു പാർട്ടികളെയും ഉൾക്കൊള്ളണം. മതേതരത്വം, മതസൗഹാർദ്ദം എന്നീ പദങ്ങൾ രാഷ്ട്രീയക്കാർ ദുരുപയോഗിച്ച് അർത്ഥഭംഗം വരുത്തി. രാഷ്ട്രീയ പാർട്ടികൾ തമ്മിലാണ് ആദ്യം പൊരുത്തം വേണ്ടത്. കല പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ലെന്നും മാനവികത വളർത്താനുള്ളതാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഹാർമണി ഫെസ്റ്റിവൽ 2024 അവാർഡ് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ.ഡോ.ജോസ് നന്തിക്കര, കെ.പി.രാജൻ, ഫാ.ഡേവി കാവുങ്ങൽ, ഫെസ്റ്റിവൽ ചീഫ് കോഓഡിനേറ്റർ ഫാ.ഡോ.പോൾ പൂവത്തിങ്കൽ, പ്രൊഫ.ജോർജ് എസ്.പോൾ, ഡോ.സി.കെ.തോമസ്, പ്രൊഫ.വി.എ.വർഗീസ്, പി.എ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. തൃശൂർ പോളിയും സംഘവും നയിച്ച സംഗീതനിശയിൽ പ്രഗത്ഭ ഗായകരായ റീന മുരളി, എടപ്പാൾ വിശ്വം, ആർഷ വിനീഷ്, ദിനൂപ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.