
തൃശൂർ: മേജർ ആർച്ച് ബിഷപ്പായ ശേഷം തൃശൂരിലെത്തിയ മാർ റാഫേൽ തട്ടിലിന് അതിരൂപതയുടെ നേതൃത്വത്തിൽ ബസിലിക്കയിൽ ഊഷ്മള വരവേൽപ്പ് നൽകി. ബസിലിക്കയിലെ അങ്കണത്തിൽ നടന്ന സ്വീകരണസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിന് ചേരുന്ന തരത്തിൽ സഭയെ നയിക്കാൻ കഴിവുള്ളയാളാണ് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലെന്ന് മന്ത്രി പറഞ്ഞു.
ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. മന്ത്രി ആർ.ബിന്ദു, റെക്ടർ ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ടി.എൻ.പ്രതാപൻ എം.പി, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മേയർ എം.കെ.വർഗീസ്, മാർ ജേക്കബ് തൂങ്കുഴി, മാർ ടോണി നീലങ്കാവിൽ, കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, കൽദായ സഭ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, സ്വാമി നന്ദാത്മജാനന്ദ, തൃശൂർ ഭദ്രാസനം യാക്കോബായ സഭ മെത്രാപ്പൊലീത്ത മാർ കുരിയാക്കോസ് മാർ ക്ലീമിസ്, വികാരി ജനറൽ മോൺ. ജോസ് വല്ലൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് വി.എസ്.പ്രിൻസ്, രാഷ്ട്രീയ കക്ഷിനേതാക്കളായ ജോസ് വള്ളൂർ, എം.എം.വർഗീസ്, കെ.കെ.വത്സരാജ്, കെ.കെ.അനീഷ്‌കുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദർമേനോൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.വി. കുര്യാക്കോസ്, സി.എച്ച്. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.