joyy

തൃശൂർ: മലയാള ചലച്ചിത്ര ഗാനലോകത്തെ 'ടെക്‌നോ മ്യൂസിഷ്യനായ" സംഗീത സംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലിന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് നാലുവർഷമായി കിടപ്പിലായിരുന്നു. ഇരുനൂറിലേറെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം നൽകി. ചെന്നൈ മറീനബീച്ചിൽ സാന്തോം പള്ളിയ്ക്കടുത്തുള്ള കൽപ്പനഹൗസിൽ ബുധനാഴ്ച വൈകിട്ടാണ് സംസ്‌കാരം.

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ്, 1975 ൽ 'ലൗ ലെറ്റർ" എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീത സംവിധാന ലോകത്തെത്തിയത്. ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടുമായിരുന്നു ഗാനരചയിതാക്കൾ. പാശ്ചാത്യ ശൈലിയിൽ ഗാനമൊരുക്കാൻ കീബോർഡുൾപ്പെടെയുള്ള ഉപകരണങ്ങൾ മലയാള സിനിമയിലെത്തിച്ചതോടെയാണ് ജോയ് 'ടെക്‌നോ മ്യൂസിഷ്യനായത്". സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനാണ് ജോയിയെ ചലച്ചിത്രലോകത്തെത്തിച്ചത്. വിശ്വനാഥന്റെ ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു ജോയ്. പിന്നീട് സ്വതന്ത്ര സംഗീത സംവിധായകനായി.

 വഴിതെളിച്ചത് എം.എസ്. വിശ്വനാഥൻ

എം.എസ്. വിശ്വനാഥനാണ് ജോയിക്കായി സംഗീതസംവിധാനത്തിന് വഴിയൊരുക്കുന്നത്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയ സിനിമകൾക്ക് ജോയ് സംഗീതമൊരുക്കി. പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സംഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നു. 1994ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ദാദ" ആയിരുന്നു ഈണമിട്ട അവസാനചിത്രം. ഭാര്യ: രഞ്ജിനി. മക്കൾ: ഏഞ്ചൽ (ആസ്‌ട്രേലിയ), അശോക് (യു.എസ്.എ), ആലീസ്, അമിറ്റ, ആനന്ദ് (മൂവരും ചെന്നൈ). മരുമക്കൾ: ക്രിസ്റ്റഫർ, ടീന. സഹോദരങ്ങൾ: ജോസ്, ജിമ്മി, ജോളി, പരേതരായ ജയ, ജെയിൻ.