kj-joy

വയലിനിസ്റ്റായി മദ്രാസിലെത്തിയ കാലത്ത് അദ്ഭുതത്തോടെ നോക്കിക്കണ്ട പ്രതിഭയായിരുന്നു കെ.ജെ.ജോയിയെന്ന ഞങ്ങളുടെ ജോയേട്ടൻ. സംഗീതസമ്പന്നനായ ഒരാൾ. സമ്പത്തും വേണ്ടുവോളമുണ്ടായിരുന്നു. അക്കാലത്ത് ബെൻസ് കാറുള്ള രണ്ട് മലയാളികൾ പ്രേംനസീറും ജോയേട്ടനുമായിരുന്നു. അദ്ദേഹം ബെൻസ് കാറിലായിരുന്നു റെക്കാഡിംഗിന് വന്നിരുന്നത്. അന്ന് പ്രശസ്ത സംഗീതസംവിധായകർക്ക് പോലും ബെൻസ് കാറില്ല.

പിന്നണി ഗാനരംഗത്ത് ആദ്യമായി കീബോർഡ് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ആരാധനയോടെയാണ് ഞാനും സംഗീതസംവിധായകൻ ജോൺസണും അദ്ദേഹത്തെ കണ്ടത്. ഞാനും ജോൺസനും ദേവരാജൻ മാസ്റ്ററുടെ കീഴിലായിരുന്നു. അതിനും എത്രയോ മുൻപ് ജോയേട്ടൻ മദ്രാസിലെ പ്രശസ്ത കീബോർഡ് പ്ലെയറായിരുന്നു. നന്നേ ചെറുപ്പത്തിൽ അദ്ദേഹം ചെന്നൈയിലെത്തിയിരുന്നു. കെ.വി.മഹാദേവൻ, എം.എസ്.വിശ്വനാഥൻ എന്നിവർക്കിടയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഞങ്ങൾ തിരിച്ചറിഞ്ഞു. എം.എസ്.വിശ്വനാഥന് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതജ്ഞനായിരുന്നു ജോയേട്ടൻ. അദ്ദേഹം വിളിക്കുമ്പോഴെല്ലാം ഞാൻ വയിലിൻ വായിക്കാൻ പോകാറുണ്ട്.

ജോൺസനും അദ്ദേഹത്തിന് വേണ്ടി വായിച്ചിട്ടുണ്ട്. സ്വന്തം സ്റ്റുഡിയോയും ജോയേട്ടന് ഉണ്ടായിരുന്നു. ഇലക്ട്രോണിക് കീ ബോർഡ് സ്വന്തമായി വാങ്ങാൻ ആർക്കും സാമ്പത്തികസ്ഥിതി ഇല്ലാതിരുന്ന കാലത്ത് ജോയേട്ടൻ അതുവാങ്ങി എല്ലാവർക്കും വാടകയ്ക്ക് കൊടുക്കുമായിരുന്നു. എ.ആർ.റഹ്‌മാന്റെ പിതാവ് ആർ.കെ.ശേഖറും ജോയേട്ടനുമാണ് അങ്ങനെ ചെയ്തിരുന്നത്. സ്‌ട്രോക്ക് വന്ന് അദ്ദേഹം കിടപ്പായെന്നറിഞ്ഞപ്പോൾ വേദനയായി. ജോൺസന്റെ മരണശേഷം, ഞാൻ അദ്ദേഹത്തെ കാണാൻ പോയി. പക്ഷേ, സന്ദർശകരെ അനുവദിക്കുന്ന നിലയിലായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഫോൺ ചെയ്യാറുണ്ടായിരുന്നു. വീഡിയോകോളിൽ പലപ്പോഴും കരഞ്ഞിട്ടുണ്ട്. പഴയ കാര്യങ്ങളൊക്കെ പറയും. ഒന്നുകൂടി എനിക്ക് ചെന്നൈയിൽ പോകണമെന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം തൃശൂരിൽ അദ്ദേഹത്തെ ആദരിക്കാൻ ഒരു പരിപാടി നടത്തിയിരുന്നു. അതിൽ ജോയേട്ടന്റെ ഒരു പാട്ട് പാടി ആ കടപ്പാട് ഞാൻ തീർക്കാൻ ശ്രമിച്ചു.