തൃശൂർ: 'കാലിത്തൊഴുത്തിൽ പിറന്നവനേ' എന്ന ക്രിസ്മസ് പ്രാർത്ഥനാഗാനത്തെ വെല്ലാൻ മറ്റൊന്നുണ്ടോ? 'കസ്തൂരിമാൻമിഴി' യിലെ പ്രണയാർദ്ര ലഹരി. 'ആരാരോ ആരീരാരോ അച്ഛന്റെ മോളാരാരോ ' എന്ന താരാട്ടിന്റെ ഈണം...
ഭിന്നവികാരങ്ങളുടെ സംഗീതസമുദ്രത്തിൽ ആസ്വാദകരെ ആറാടിച്ച പ്രതിഭയായിരുന്നു കെ.ജെ.ജോയ്.
ദേവരാജൻ മാസ്റ്റർ മുതൽ ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി.ഉമ്മർ, സലിൽ ചൗധരി, എം.കെ.അർജ്ജുനൻ തുടങ്ങിയവർ നിറഞ്ഞാടുമ്പോഴാണ് തൃശൂർക്കാരൻ ജോയ് ചെന്നൈയിലെത്തി സംഗീതപീഠം സ്വന്തമാക്കുന്നത്. ശാസ്ത്രീയമായി സംഗീതം പഠിക്കാതെ മദ്രാസിലേക്ക് വണ്ടികയറിയ ജോയ് സംഗീത സംവിധാനത്തിന്റെ പാരമ്പര്യ രീതികളെ മറികടന്നു. ഹാർമോണിയത്തിൽ ഈണം പകർന്ന് പാട്ടുകൾ സൃഷ്ടിച്ചിരുന്ന കാലത്ത്, കീബോർഡുമായി എത്തിയ ജോയിയുടെ തകർപ്പൻ ഈണങ്ങൾ പുതുതലമുറയെ ഹരം കൊള്ളിച്ചു. യൗവനങ്ങൾ ആ പാട്ടുകൾ ഹൃദയത്തിലേറ്റി. ബോളിവുഡ് സംഗീതജ്ഞരുമായുള്ള പരിചയവും തുണയായി.
അക്കോഡിയനിൽ ജോയിയുടെ സിദ്ധി അപാരമായിരുന്നു. മലയാള സിനിമയിലെ പൗരുഷത്തിന്റെ ആൾരൂപമായ ജയന് റൊമാന്റിക് പരിവേഷം നൽകിയ കസ്തൂരി മാൻമിഴി... പോലുള്ള പാട്ടുകൾ ആ ഹീറോയിസം ഏറ്റുപാടുന്നതായി. യേശുദാസും ജയചന്ദ്രനും എസ്.ജാനകിയും പി.സുശീലയുമെല്ലാം ജോയിയുടെ ഈണത്തിൽ ഹിറ്റുകൾ സൃഷ്ടിച്ചു. അവരുടെ ശബ്ദത്തിലെ അപൂർവസാദ്ധ്യതകൾ ജോയി കണ്ടെടുത്തു.
ഓർക്കസ്ട്രയിലെ മാന്ത്രികതയിൽ ആസ്വാദകരെ ഹരം കൊള്ളിച്ച ജോയി മലയാള സിനിമാ സംഗീതത്തിലെ ആദ്യത്തെ ടെക്‌നോ മ്യുസിഷൻ ആണ്. ആധുനിക വാദ്യോപകരണങ്ങളും ഒന്നാന്തരം സ്റ്റേഡിയോകളും മികച്ച സാങ്കേതികവിദഗ്ദ്ധരും വേണമെന്ന് അദ്ദേഹം ശഠിച്ചിരുന്നു. ആധുനിക സംഗീതം സൃഷ്ടിക്കാൻ ഒരു വിട്ടുവീഴ്ചയ്ക്കും ജോയ് തയ്യാറായില്ല.
തൃശൂരിൽ വരാറില്ലെങ്കിലും ജന്മനാട്ടിൽ ആരാധകരേറെയുണ്ടായിരുന്നു. പാട്ടുപീടിക വാട്‌സ് ആപ്പ് കൂട്ടായ്മ തൃശൂരിൽ നടത്തിയ സംഗീത പരിപാടി അതിന്റെ നേർക്കാഴ്ചായിരുന്നു. ജോയി സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ എട്ട് ഗായകരാണ് അന്ന് അവതരിപ്പിച്ചത്. സത്യൻ അന്തിക്കാട്, ഔസേപ്പച്ചൻ എന്നിവരും പങ്കെടുത്തിരുന്നു. അവസാനകാലത്തും സംഗീത സംവിധാനം ചെയ്യണമെന്നും തൃശൂരിൽ വരണമെന്നും അദ്ദേഹം മോഹിച്ചു. പക്ഷേ, ആദ്യം പക്ഷാഘാതവും ഒടുവിൽ മരണവും ആ ഈണങ്ങൾക്ക് അവസാനം കുറിച്ചു...