madamby

തൃശൂർ: കഥകളി സംഗീതജ്ഞൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടം ആചാര്യൻ വേണുജിക്കും 2022ലെ കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ഫെലോഷിപ്പ്. 50,000 രൂപയാണ് അവാർഡ് തുക.

പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എൻഡോവ്‌മെന്റ് (37,500 രൂപ) കെ.എസ്.അഞ്ജലിക്കും (മോഹിനിയാട്ടം) എം.കെ.കെ.നായർ സമഗ്രസംഭാവനാ പുരസ്‌കാരം പള്ളം ചന്ദ്രനും (30,000 രൂപ) സമ്മാനിക്കും. വിവിധ പ്രതിഭകൾക്ക് 30,000 രൂപ വീതം കലാമണ്ഡലം പുരസ്‌കാരവും പ്രഖ്യാപിച്ചു.

പുരസ്‌കാരങ്ങൾ: ആർ.എൽ.വി.ദാമോദര പിഷാരടി (കഥകളി വേഷം), കലാമണ്ഡലം നാരായണൻ നമ്പൂതിരി (കഥകളി സംഗീതം), കലാമണ്ഡലം ബാലസുന്ദരൻ (കഥകളി, ചെണ്ട), കലാമണ്ഡലം ഗോപിക്കുട്ടൻ നായർ (കഥകളി മദ്ദളം), സി.പി.ബാലകൃഷ്ണൻ (കഥകളി അണിയറ), കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ്), കലാമണ്ഡലം ഭാഗ്യേശ്വരി (മോഹിനിയാട്ടം), കൊയിലാണ്ടി സുകുമാരൻ നായർ (തുള്ളൽ), കെ.വി.ജഗദീശൻ (കർണാടക സംഗീതം), ഏഷ്യാഡ് ശശി മാരാർ (ഇലത്താളം എ.എസ്.എൻ.നമ്പീശൻ പുരസ്‌കാരം), പള്ളിപ്പുറം ഉണ്ണിക്കൃഷ്ണൻ. (കലാഗ്രന്ഥം- വേഷം: കഥകളിയുടെ അണിയറ ലോകം), അനൂപ് വെള്ളാനി - ശ്രീജിത്ത് വെള്ളാനി (ഡോക്യുമെന്ററി- നാദഭൈരവി).

10,000 രൂപ വീതമുള്ള പുരസ്‌കാരങ്ങൾ : യുവപ്രതിഭ: കലാമണ്ഡലം വേണുമോഹൻ (കഥകളി ചെണ്ട), മുകുന്ദരാജ സ്മൃതി പുരസ്‌കാരം: എം.കെ.അനിയൻ, കലാരത്‌നം എൻഡോവ്‌മെന്റ്: ഓയൂർ രാമചന്ദ്രൻ (കഥകളി വേഷം), കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്: കലാമണ്ഡലം ശിവൻ നമ്പൂതിരി (കൂടിയാട്ടം).

മറ്റ് പുരസ്‌കാരങ്ങൾ

പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്‌കാരം (8500 രൂപ): കലാമണ്ഡലം പ്രശാന്തി (കൂടിയാട്ടം), വടക്കൻ കണ്ണൻനായർ സ്മൃതി പുരസ്‌കാരം (7500 രൂപ): പ്രദീപ് ആറാട്ടുപുഴ, കെ.എസ്.ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്‌കാരം (5000 രൂപ): കലാമണ്ഡലം എം.കെ.ജ്യോതി, വി.എസ്.ശർമ എൻഡോവ്‌മെന്റ് (4000 രൂപ): കലാമണ്ഡലം പ്രഷീജ (മോഹിനിയാട്ടം), ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്‌മെന്റ് (3000 രൂപ): കലാമണ്ഡലം വിശ്വാസ് (കഥകളി സംഗീതം).

വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ, ജൂറി ചെയർമാൻ ഡോ.ടി.എസ്.മാധവൻകുട്ടി എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. സെക്രട്ടറി ഡോ.പി.രാജേഷ് കുമാർ, കലാമണ്ഡലം ഹുസ്‌നുബാനു, പ്രൊഫ.വാസുദേവൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.