ഇരിങ്ങാലക്കുട : പട്ടികജാതി സമൂഹത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാർ തലങ്ങളിൽ വ്യാപകമായി പട്ടികജാതി വിഭാഗങ്ങളോടുള്ള വിവേചനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. പട്ടികജാതി വികസന വകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ള എസ്.സി പ്രമോട്ടർമാർക്ക് മൂന്നുമാസമായി ഓണറേറിയം നൽകിയിട്ടില്ല. മാസങ്ങളായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും ലംപ്‌സം ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടില്ല. ഇത്തരം പരാതികളിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിക്കുമ്പോൾ സർക്കാരിൽ നിന്നും പണം ലഭിച്ചിട്ടില്ല, പണം കിട്ടുന്ന മുറക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തും എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. പരാതിക്കാരന്റെ ശബ്ദം ഒന്ന് ഉയർന്നാൽ നിങ്ങൾ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ പറഞ്ഞ് ഉദ്യോഗസ്ഥർ കൈയൊഴിയുന്ന സമീപനമാണ് പിന്തുടരുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണത്തിന് അനുമതി ലഭിച്ച പല കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി പാതിവഴിയിൽ എത്തുമ്പോഴാണ് തുടർ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പണം ലഭ്യമായിട്ടില്ല എന്ന മറുപടി ലഭിക്കുന്നത്. എന്നാൽ വ്യവസായവകുപ്പ് തദ്ദേശസ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ളവർക്ക് ഓണറേറിയം കൊടുക്കുന്നതിൽ നാളിതുവരെ യാതൊരു വീഴ്ച്ചയും ഉണ്ടാക്കിയിട്ടില്ല. ഇത്തരം വിവേചനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഇത്തരം വിവേചനങ്ങൾക്കെതിരെ 25ന് ജാതി സെൻസസ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. സെക്രട്ടറിയേറ്റ് മാർച്ചിന്റെ വിളംബരമായി ജില്ലയിലെ തിരഞ്ഞെടുത്ത 11 കേന്ദ്രങ്ങളിൽ 23ന് വിളംബര ജാഥകൾ സംഘടിപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കല്ലേറ്റുംകരയിൽ ചേർന്ന യോഗം വർക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ പി.എൻ. സുരൻ അദ്ധ്യക്ഷനായി. പി.സി. രഘു, ടി.കെ. സുബ്രൻ, ഷാജു ഏത്താപ്പിള്ളി എന്നിവർ സംസാരിച്ചു.