
ഇരിങ്ങാലക്കുട : കോണത്തുകുന്ന് സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റാനായി റിപ്പോർട്ട് നൽകുന്നതിന് 3,500 രൂപ കൈക്കൂലി വാങ്ങിയ
വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് സംഘം പിടികൂടി. വെള്ളാങ്കല്ലൂർ വടക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ചേർന്ന് സ്ഥലപരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് ഓൺലൈനായി ആർ.ഡി.ഒയ്ക്ക് സമർപ്പിക്കാനായി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിവരം തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി സേതുവിനെ അറിയിച്ചു. വില്ലേജ് ഓഫീസർ സാദിക്കും, ഹാരിസും കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം വില്ലേജ് ഓഫീസിൽ നിന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി കെ.സി.സേതു, ഇൻസ്‌പെക്ടർമാരായ സജിത്ത് കുമാർ, എസ്.ഐ ജയകുമാർ, സുദർശനൻ, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത്, ഡ്രൈവർമാരായ രതീഷ് എന്നിവരാണുണ്ടായിരുന്നത്.