ഗുരുവായൂർ: കാർഷിക മേഖലയെ സംരക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷക ആത്മഹത്യകൾ പെരുകുമ്പോഴും സർക്കാർ നോക്കുകുത്തിയാണ്. കർഷക കോൺഗ്രസ് ജില്ലാ നേതൃക്യാമ്പ് ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾ മൂലം കർഷകർ കടക്കെണിയിലാണ്. അരി തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വരുമെന്നും ഇവിടെ നെൽക്കൃഷി വേണ്ടെന്നും പറയുന്ന സജി ചെറിയാനെ പോലുള്ളവരാണ് നാട് ഭരിക്കുന്ന മന്ത്രിമാരെന്നും ചെന്നിത്തല പരിഹസിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.
ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, മുൻ എം.എൽ.എ: പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, വി. വേണുഗോപാൽ, എം.എഫ്. ജോയ്, എ.ഡി. സാബൂസ്, അരവിന്ദൻ പല്ലത്ത്, സ്റ്റീഫൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. 'കേരള കർഷകർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഡോ. സരിൻ ക്ലാസെടുത്തു.
ഉച്ചയ്ക്കുശേഷം നടന്ന ക്ലാസിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബുസ് അദ്ധ്യക്ഷനായി. കാലാവസ്ഥാ വ്യതിയാനവും അക്ഷയ ഊർജവും എന്ന വിഷയത്തെകുറിച്ച് ഡോ. ഷാജി ജയിംസ് ക്ലാസെടുത്തു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.