തൃശൂർ: പ്രതിപക്ഷം ആവശ്യപ്രകാരം നടത്തിയ പ്രത്യേക കൗൺസിൽ യോഗത്തിൽ വിവാദ അജൻഡ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം മേയർ തള്ളി. കൗൺസിലിൽ ഭരണപക്ഷമായ ഇടതുപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണിത്. 55 അംഗ കൗൺസിലിൽ കോൺഗ്രസിന്റെ 24, ബി.ജെ.പിയുടെ ആറ് അംഗങ്ങൾ ഒരുമിച്ചു നിന്നതോടെയാണ് ഇടതുപക്ഷം വെട്ടിലായത്.

ചർച്ച നടത്താമെന്നും തീരുമാനം മാറ്റാൻ പറ്റില്ലെന്നുമുള്ള വാദമാണ് ഭരണപക്ഷം ഉയർത്തിയത്. വോട്ടെടുപ്പ് സാധ്യമല്ലെന്നായിരുന്നു നിലപാട്. ഇത് ജനാധിപത്യത്തെ അപഹസിക്കലാണെന്നും തദ്ദേശസ്വയംഭരണ ചട്ടം 7 അനുസരിച്ച് പ്രത്യേകകൗൺസിൽ യോഗം വിളിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് വ്യവസ്ഥയെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു .

3.30 കോടി രൂപയുടെ മാലിന്യസംസ്‌കരണ പ്ലാൻ്‌റ് സ്ഥാപിക്കുന്നതിന് ടെൻഡർ ഇല്ലാതെ കരാർ നൽകിയതിനെതിരേയാണ് ഇന്നലെ കൗൺസിലിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്. കഴിഞ്ഞ ഡിസംബർ 20 ന് നടന്ന കോർപറേഷൻ കൗൺസിൽ യോഗം ബഹളത്തെ തുടർന്ന് അജൻഡകളിലേക്കു കടക്കാനാകാതെ പിരിഞ്ഞിരുന്നു. പൂരംപ്രദർശന വിവാദം ചർച്ചചെയ്യുന്നതിനിടെ യോഗത്തിൽ നിന്നു മേയർ എം.കെ വർഗീസ് ഇറങ്ങിപോകുകയായിരുന്നു . എന്നാൽ അജൻഡകളെല്ലാം അംഗീകരിച്ചുവെന്നു പിന്നീട് മേയർ മിനിറ്റ്‌സ് ഇറക്കി. ഒരു അജൻഡയിലും ചർച്ചനടന്നിട്ടില്ലെന്നും അന്നത്തെ അജൻഡകൾ വീണ്ടും ചർച്ച ചെയ്യാനും ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിനെ തുടർന്നാണ് സ്‌പെഷൽ കൗൺസിൽയോഗം വിളിച്ചത്. അതിനിടെ ഡിസം. 20 ലെ യോഗത്തിൻെ്‌റ അജൻഡകൾ അംഗീകരിച്ചുവെന്ന മിനിറ്റ്‌സ് വിതരണം ചെയ്തു.