തൃപ്രയാർ: പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്രദർശനത്തിന്റെ ഭാഗമായി നാളെ തൃപ്രയാറിലും പരിസരപ്രദേശത്തും സുരക്ഷാ ക്രമീകരണം ഊർജിതം. വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിലാണ് രാവിലെ 10.15 ഓടെ പ്രധാനമന്ത്രി വന്നിറങ്ങുക. കിഴക്കെ ടിപ്പുസുൽത്താൻ റോഡിലൂടെ ക്ഷേത്രത്തിലെത്തും. ഹൈസ്‌കൂൾ ഗ്രൗണ്ടിലും കിഴക്കെ ടിപ്പുസുൽത്താൻ റോഡിലും സുരക്ഷ കർശനമാണ്.
ഹൈസ്‌കൂൾ മൈതാനം ശുചീകരിച്ചിട്ടുണ്ട്. തടസമായിരുന്ന വൃക്ഷങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റി. ടിപ്പുസുൽത്താൻ റോഡിലെ ഹമ്പുകൾ പൊളിച്ചുമാറ്റി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എ.ഡി.ജി.പി സുരേഷ് പുരോഹിത്, ഐ.ജി അജിതാ ബീഗം, എസ്.പി.ജി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സജ്ജീകരണം ഒരുക്കുന്നത്.
ക്ഷേത്രത്തിനകത്തും പുറത്തും പൊലീസ് സാന്നിദ്ധ്യമുണ്ടാകും. പ്രധാനമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് വരെയേ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി മോദി അവിടെ ഒരു മണിക്കൂർ ചെലവഴിക്കും. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ നാദോപാസന സമിതിയുടെ നേതൃത്വത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർത്ഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവയുണ്ടാകും.