തൃശൂർ (പാവറട്ടി): ലോക്‌സഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും വെങ്കിടങ്ങ് സെന്ററിൽ 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന ചുമരെഴുത്തുമായി കോൺഗ്രസ് പ്രവർത്തകർ. ഔദ്യോഗികമായി പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനാൽ വിവാദമായതോടെ മണിക്കൂറുകൾക്കകം ചുമരെഴുത്ത് മായ്ച്ചു. കഴിഞ്ഞ ദിവസമാണ് തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനെ വിജയിപ്പിക്കുകയെന്ന് പറഞ്ഞ് വെങ്കിടങ്ങ് സെന്ററിൽ ചുമരെഴുതിയത്. വിവാദമായതോടെ, ടി.എൻ.പ്രതാപൻ എം.പി തന്നെ ഇടപെട്ടാണ് പേര് മായ്ച്ചതെന്നാണ് വിവരം. എ.ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചാലല്ലാതെ ഒരാളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ടി.എൻ.പ്രതാപൻ എം.പി. പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കവുമായി ഫെബ്രുവരി നാലിന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ മഹാസമ്മേളനം നടക്കാനിരിക്കേയാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.