ആമ്പല്ലൂർ: പാലപ്പിള്ളി ഹാരിസൺസ് മലയാളം ലിമിറ്റഡ്, മുപ്ലി, കുണ്ടായി എസ്റ്റേറ്റ് തൊഴിലാളികൾ പണിമുടക്കിലേയ്ക്ക്.
വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി തുക ഉടൻ വിതരണം ചെയ്യുക, കൂടുതൽ ജോലിക്ക് കൂടുതൽ കൂലി നൽകുക, ആശ്രിത നിയമനം നടപ്പിലാക്കുക, ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ 19 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കുന്നതിനായി നടത്തിയ അനുരജ്ഞന ചർച്ച പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാൻ സംയുക്ത സമരസമിതി തീരുമാനിച്ചു. ആമ്പല്ലൂർ ഗോകുലം റെസിഡൻസിയിൽ നടന്ന ചർച്ചയിൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ ടോണി തോമസ്, എച്ച്.ആർ. മാനേജർ ബി.എസ്. അനീഷ്, പേഴ്‌സണൽ മാനേജർ, ബിജു വെട്ടം എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.ജി. വാസുദേവൻ നായർ, ആന്റണി കുറ്റൂക്കാരൻ, ടി.കെ. സുധീഷ് , ഇ.ഡി ശ്യാംനാഥ്, എം.കെ തങ്കപ്പൻ എന്നിവർ പങ്കെടുത്തു.