ഗുരുവായൂർ : പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് കേന്ദ്രമന്ത്രിമാരും ഗവർണർമാരും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ടവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പ്രധാനമന്ത്രി പുറത്തുകടന്ന ശേഷം മാത്രമാകും പ്രവേശനം. പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ദേവസ്വം ചെയർമാനും അഡ്മിനിസ്‌ട്രേറ്റർക്കും മാത്രം അനുഗമിക്കാം. രാവിലെ ഏഴിന് ശേഷം ക്ഷേത്രം തന്ത്രി മേൽശാന്തി, ഉദയാസ്തമന പൂജ ചടങ്ങുകൾ നിർവഹിക്കുന്ന രണ്ട് ഓതിക്കൻ നമ്പൂതിരിമാർ, ഒരു കീഴ്ശാന്തി നമ്പൂതിരി എന്നിവർക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് നിൽക്കാൻ എസ്.പി.ജി അനുമതി നൽകിയത്. ക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതി, അയ്യപ്പൻ ഭഗവതി എന്നിവർക്ക് പൂജ നടത്തുന്ന കീഴ്ശാന്തിമാർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനം നൽകും. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ, മാനേജർ എന്നിവർക്കും അവരുടെ ഡ്യൂട്ടി സ്ഥലത്ത് തുടരാം. മറ്റുള്ള മുഴുവൻ ജീവനക്കാരും രാവിലെ ഏഴിന് ക്ഷേത്രത്തിൽ നിന്നും പുറത്തുകടക്കണം. രാവിലെ ആറിന് ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നിറുത്തലാക്കും. ഗുരുവായൂർ ക്ഷേത്ര നഗരിയിൽ ഇന്നലെ വൈകീട്ടോടെ പൊലീസ് കനത്ത സുരക്ഷാവലയം തീർത്തിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും മഫ്തിയിലുൾപ്പെടെ നൂറുകണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ദേവസ്വം പാർക്കിംഗ് ഗ്രൗണ്ട് മുഴുവൻ പൊലീസ് വാഹനങ്ങളാൽ നിറഞ്ഞു. 17ന് രാവിലെ 7.40നാണ് പ്രധാനമന്ത്രി ദർശനം നടത്തുക.