ജനുവരി 17, കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രസന്നിധിയിൽ മഹാത്മാഗാന്ധിയുടെ പാദങ്ങൾ പതിഞ്ഞ പുണ്യദിനത്തിന്റെ തൊണ്ണൂറാം വാർഷിക ദിനം. ക്ഷേത്രങ്ങളിൽ ഹരിജനങ്ങളായ പട്ടികജാതിക്കാർക്കും പിന്നാക്കക്കാർക്കും അയിത്തത്തിന്റെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ക്ഷേത്രദർശനങ്ങൾ ഗാന്ധി ഒഴിവാക്കിയ കാലത്താണ് 1934 ജനുവരി 17ന് മഹാത്മജി കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രം സന്ദർശിച്ചത്.
ശ്രീമഹേശ്വര ക്ഷേത്രനിർമ്മാണത്തിന് ആവശ്യമായ ഭൂമി ശ്രീനാരായണഗുരുദേവന്റെ പേരിൽ ബോധാനന്ദ സ്വാമികൾക്കു സമർപ്പിച്ച കോട്ടിയാട്ടിൽ ഇട്ടിപ്പാറന്റെ മകൾ തങ്കത്തിന്റെ ഭർത്താവും ഗാന്ധി ഭക്തനുമായ അഡ്വ. വി.സി. രാമൻകുട്ടിയാണ് ഗാന്ധിജിയെ കൂർക്കഞ്ചേരിയിലേക്ക് ആനയിച്ചത്. രാമൻകുട്ടി പിന്നീട് മജിസ്‌ട്രേറ്റ് പദവി വരെ വഹിച്ചിരുന്നു. നാനാജാതി മതസ്ഥർക്കും ആരാധനാസൗകര്യം നൽകുന്ന പുണ്യക്ഷേത്രമെന്ന നിലയിൽ മാഹേശ്വര ക്ഷേത്രം ഭാരവാഹികളുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ മഹാത്മജി സന്നദ്ധത കാണിച്ചു.
പുറനാട്ടുകരയിലും മണികണ്ഠനാൽ തറയിലുമുള്ള സ്വീകരണങ്ങൾക്ക് ശേഷമാണ് ഗാന്ധിജി കൂർക്കഞ്ചേരി ക്ഷേത്രംവക യോഗം ഓഫീസിൽ എത്തിയത്. മാടമ്പിക്കാട്ടിൽ കോതമ്മ എന്ന സ്ത്രീരത്‌നം ഗാന്ധിജിക്ക് തന്റെ വിരലിലെ സ്വർണമോതിരം ഊരി സമർപ്പിച്ചു. എസ്.എൻ.ബി.പി യോഗത്തിന്റെ വകയായി പണക്കിഴിയും ഗാന്ധിജിക്ക് കാഴ്ച വച്ചു. ഈ ചടങ്ങിൽ സംബന്ധിച്ച സ്വാതന്ത്ര്യസമര സേനാനി ടി.കെ. അച്ചുതൻ മാസ്റ്ററുടെയും ദീർഘകാലം മുൻസിപ്പൽ കൗൺസിലറായിരുന്ന കെ.ആർ. കുമാരന്റെയും ദൃക്സാക്ഷി വിവരണം ശ്രദ്ധേയമാണ്.
അച്ചുതൻ മാസ്റ്റർ ഗാന്ധിജിയെ കാണാനെത്തിയത് ഒരു തോർത്തുമുണ്ട് ധരിച്ചായിരുന്നത്രെ. കൗൺസിലർ കുമാരൻ എത്തിയത് പിന്നിയ ഒരു കാക്കിട്രൗസർ ധരിച്ചായിരുന്നു. ഗാന്ധിജിയുടെ കൂർക്കഞ്ചേരി സന്ദർശനത്തിനുശേഷം ചേർപ്പിലും ഇരിങ്ങാലക്കുടയിലും അദ്ദേഹത്തിന് സ്വീകരണമുണ്ടായിരുന്നു. ചേർപ്പിൽ ചിറ്റൂർമന കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലും ഇരിങ്ങാലക്കുടയിൽ എം.സി. ജോസഫിന്റെ നേതൃത്വത്തിലുമായിരുന്നു സ്വീകരണം.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ ചേർപ്പ് പെരുവനം ക്ഷേത്രമൈതാനത്തിന് മഹാത്മാമൈതാനം എന്ന് വിളിപ്പേരുണ്ടായി. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിന്റെ ഭൂമി, ഗാന്ധിജിയുടെ പുണ്യദർശനം കൊണ്ട് പരിപാവനമായ ദേവ ഭൂമിയാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തട്ടെ.