കൊടുങ്ങല്ലൂർ: ജങ്കാർ സർവീസ് നിറുത്തിയതോടെ അഴീക്കോട്-മുനമ്പം കടവിൽ യാത്രാ ദുരിതം രൂക്ഷമായി. വിവിധ ആവശ്യങ്ങൾക്കായി കടവിലൂടെ യാത്ര ചെയ്യുന്നവർക്കാണ് ഏറെ ദുരിതം. ജങ്കാർ സർവീസ് നിറുത്തിയതോടെ പകരമായി ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളുണ്ടായിട്ടില്ല. ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും പൂർത്തിയായിട്ടില്ല. ബോട്ട് സർ‌വീസ് അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനാണ് സമര സമിതിയുടെ തീരുമാനം.

അഴീക്കോട്- മുനമ്പം ഭാഗത്ത് അടിയന്തരമായി ഫെറി സർവീസ് ആരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അഴീക്കോട്-മുനമ്പം പാലം സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിനും സ്ഥലം എം.എൽ.എ ഇ.ടി. ടൈസണും നിവേദനം നൽകാനും സമരസമിതി തീരുമാനിച്ചു. വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ പൊതുതാത്പര്യ ഹർജിയുമായി മുന്നോട്ട് പോകാനും പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സമരസമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. പി.എ. സീതി മാസ്റ്റർ, ഇ.കെ. സോമൻ മാസ്റ്റർ, കെ.എം. മുഹമ്മദുണ്ണി, കെ.കെ. സഹജൻ, മൊയ്തീൻ അയ്യാരിൽ, പി.പി. ചന്ദ്രൻ, എം.എ. അബൂബക്കർ, ഷഹാബ് അഴീക്കോട് തുടങ്ങിയവർ സംസാരിച്ചു.