
ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനൊപ്പം രണ്ട് വിവാഹങ്ങൾ കൂടി നടത്താൻ അനുമതി നൽകിയെങ്കിലും ആരും പൊലീസിനെ സമീപിച്ചില്ല. വിവാഹസംഘങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ പൊലീസിൽ അപേക്ഷ നൽകി പാസ് കൈപ്പറ്റണമെന്നും കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധന വച്ചിരുന്നു. ക്ഷേത്രസന്നിധിയിലെ നാല് കല്യാണ മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുക. രണ്ടാമത്തെ മണ്ഡപം ഒഴിച്ചിട്ട് മൂന്നും നാലും മണ്ഡപങ്ങൾ അപേക്ഷ നൽകുന്നവർക്ക് അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്.
മോദി പങ്കെടുക്കുന്നതിന്റെ സുരക്ഷ പരിഗണിച്ച് രാവിലെ ആറ് മുതൽ ഒമ്പത് വരെ നടക്കേണ്ട എല്ലാ വിവാഹങ്ങളുടെയും സമയം മാറ്റാനായിരുന്നു തീരുമാനം. ഇതിനെതിരെ രൂക്ഷ വിമർശനം സാമൂഹികമാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് ഈ സമയത്ത് രണ്ട് വിവാഹങ്ങൾ നടത്താൻ അനുമതിയായത്. ആറിനും ഒമ്പതിനും ഇടയിലുള്ള വിവാഹങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്ന് ഈ സമയം ബുക്ക് ചെയ്തവർ സമയത്തിൽ മാറ്റം വരുത്തി. ഇന്ന് ക്ഷേത്രത്തിൽ 80 വിവാഹങ്ങളാണ് ബുക്ക് ചെയ്തത്. കടുത്ത നിയന്ത്രണമുള്ള രാവിലെ 7 മുതൽ 9 വരെ 14 വിവാഹങ്ങൾക്ക് ശീട്ട് നൽകി. എന്നാൽ ഈ വിവാഹങ്ങൾ 5 മുതൽ 6 വരെയുള്ള സമയത്തേക്ക് മാറ്റാൻ വിവാഹ സംഘങ്ങൾ തയ്യാറായി.