ഗുരുവായൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പൊലീസ് നടത്തിയ ട്രയൽ റണ്ണിൽ വലഞ്ഞ് ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള ഭക്തർ. ഇന്നലെ രാവിലെ 6 മുതൽ 9.30 വരെയായിരുന്നു പൊലീസ് ക്ഷേത്ര നഗരിയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ചൂണ്ടൽ ജംഗ്ഷൻ മുതൽ ഗുരുവായൂരിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. ക്ഷേത്രത്തിന് സമീപത്തും ഭക്തരെ പൊലീസ് തടഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമലയിൽ നിന്നും മടങ്ങിവരുന്ന നിരവധി തീർത്ഥാടകരാണ് ഇന്നലെ പുലർച്ചെ ഗുരുവായൂരിൽ എത്തിയിരുന്നത്. ഇവരുടെ വാഹനങ്ങൾക്കും പാർക്ക് ചെയ്തിടത്തു നിന്നും റോഡിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയില്ല.
കിഴക്കെ നടയിൽ കുട്ടികളുടെ പാർക്കിന് സമീപത്തും തെക്കെ നടയിൽ പന്തായിൽ ക്ഷേത്രത്തിന് സമീപത്തും ബാരിക്കേഡ് വച്ചാണ് പൊലീസ് റോഡ് തടഞ്ഞിരുന്നത്. തെക്കെ ഇന്നർ റിംഗ് റോഡിലെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്കും പൊലീസിന്റെ നിയന്ത്രണം വിനയായി. പുലർച്ചെ ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്ന അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവരെയും പോകാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞു.