1


തൃശൂർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുൻപ് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനത്തിന് പ്രധാനമന്ത്രി എത്തുമ്പോൾ പ്രതീക്ഷകളോടെ കൊച്ചിൻ ദേവസ്വം ബോർഡും ഭക്തരും. തൃപ്രയാർ ക്ഷേത്രചരിത്രത്തിൽ ആദ്യമായി എത്തുന്ന പ്രധാനമന്ത്രിക്ക് ഊഷ്മളസ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർ സമർപ്പിച്ചേക്കും. പ്രധാനമന്ത്രി എത്തുന്നതോടെ വരുംനാളുകളിൽ കൂടുതൽ പേർ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയുമുണ്ട്.

പ്രധാന ആവശ്യം പ്രസാദം പദ്ധതി

തൃപ്രയാർ ക്ഷേത്രത്തെ കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതാണ് ബോർഡിന്റെ പ്രധാന ആവശ്യം. ഇതിലൂടെ എകദേശം 300 കോടി രൂപയുടെ വികസനം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി അപേക്ഷ അംഗീകരിച്ചാൽ കേന്ദ്ര സംഘം എത്തിയാകും പദ്ധതി തയ്യാറാക്കുക. ഗസ്റ്റ് ഹൗസ്, അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ് എന്നിവയെല്ലാം ദേവസ്വം ബോർഡ് നൽകുന്ന അപേക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃപ്രയാറിൽ ഒരു വി.ഐ.പി എത്തിയാൽ താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് സൗകര്യം പോലുമില്ല. ദേശീയപാത നിർമ്മാണം കൂടി പൂർത്തിയായാൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

മീനൂട്ട് കടവിന്റെ പുനരുദ്ധാരണം

തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനുട്ട് നടത്തുന്ന കടവിന്റെ സംരക്ഷണവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. 2018ലെ പ്രളയശേഷം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ അടിത്തട്ടിന് ക്ഷതം സംഭവിച്ചിരുന്നു. ജിയോളജി വകുപ്പ് നടത്തിയ സർവേയും മറ്റ് രണ്ട് എജൻസികളുടെ സർവേയും പ്രകാരം പുഴയുടെ അടിത്തട്ടിലേക്ക് കല്ല് പാകി കെട്ടിയുയർത്തി സംരക്ഷണം ഒരുക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ബോർഡിന്റെ കാലത്ത് ഈ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു.

ക്ഷേത്രത്തിന് ഇപ്പോൾ ഭീഷണിയില്ലെങ്കിലും 2018ലെ പോലൊരു പ്രളയം വന്നാൽ ഭീഷണിയായേക്കും. കോടികൾ ചെലവഴിക്കേണ്ട പദ്ധതിയായതിലാൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചില്ല. മീനൂട്ട് കടവിൽ വഴിപാട് നടത്താൻ പ്രധാനമന്ത്രി എത്തുമ്പോൾ വിഷയം ദേവസ്വം ബോർഡ് പ്രസിഡന്റ് അവതരിപ്പിച്ചേക്കും. പ്രധാനമന്ത്രി ദർശനം നടത്തുമ്പോൾ ബോർഡ് പ്രസിഡന്റിനൊപ്പം കമ്മിഷണർ കൂടിയേ ഒപ്പമുണ്ടാകൂ. അതേസമയം ക്ഷേത്രത്തിനകത്തേക്ക് പ്രധാനമന്ത്രി മാത്രമാകും പ്രവേശിക്കുക.

തേവർ പുഴ കടക്കുന്ന ശിൽപ്പം കൈമാറും

പ്രധാനമന്ത്രിക്ക് ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് തേവർ സ്വന്തം പള്ളിയോടത്തിൽ പുഴകടക്കുന്നതിന്റെ ശിൽപ്പവും ശ്രീരാമചന്ദ്രന്റെ ഫോട്ടോയും ഉപഹാരമായി സമ്മാനിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ മധുസുദനൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. ക്ഷേത്രത്തിനുള്ളിൽ തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാട്, മേൽശാന്തി കാവനാട് രവി നമ്പൂതിരി, ശ്രീറാം നമ്പൂതിരി, തൃക്കോൽ ശാന്തി രതീഷ് എന്നിവരാണ് ഉണ്ടായിരിക്കുക.