തൃശൂർ: കരുവന്നൂർ ബാങ്കിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനായി സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന പേരിൽ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. കരുവന്നൂരിൽ ക്രമക്കേടുകൾ നടത്തിയതിന് സി.പി.എം പുറത്താക്കിയ രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയാണ് കേന്ദ്ര ഏജൻസികളുടെ കള്ളപ്രചാരണം.
ലോൺ നൽകുന്നതിന് ഒരു സഹകരണ ബാങ്കിലും പാർട്ടി തീരുമാനമെടുത്ത് നൽകാറില്ല. നിർദ്ദേശങ്ങളും നൽകാറില്ല, അതിന്റെ ആവശ്യമില്ല. കാരണം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് ഇക്കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കാറുള്ളത്. അങ്ങനെ മാത്രമാണ് കരുവന്നൂർ ബാങ്കിലും ഉണ്ടായതെന്ന് സി.പി.എം വിശദീകരിക്കുന്നു.
പാർട്ടി ഫണ്ടിന്റെ കാര്യത്തിലും അടിസ്ഥാന രഹിതമായ കാര്യങ്ങൾ കേന്ദ്ര ഏജൻസിയുടേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ക്യത്യമായ വരവ് ചെലവുകൾ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്നുണ്ട്. ഇലക്ടറൽ ബോണ്ടിന്റെ പേരിൽ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പോലും പെടുത്താതെ ദുരൂഹമായി കൈകാര്യം ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയെ വെള്ള പൂശുന്നതിനാണ് വലതുമാദ്ധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.