പൊതു നിരത്തിൽ മാലന്യം നിക്ഷേപിച്ചാൽ 5000 രൂപ വരെ പിഴ
ചാലക്കുടി: പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുകയും ഒഴുക്കുകയും
ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം. ഇത്തരക്കാരിൽ നിന്നും ആദ്യഘട്ടത്തിൽ രണ്ടായിരം രൂപ ഈടാക്കും. ആവർത്തിച്ചാൽ 5000 രൂപയും ഈടാക്കും. ആവശ്യമെങ്കിൽ ശിക്ഷാ നപടികളുമുണ്ടാകും.
നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ നിലവിലെ 49 കാമറകൾക്ക് പുറമെ പന്ത്രണ്ടെണ്ണം കൂടി സ്ഥാപിക്കും.
നഗരസഭയുടെ സുവർണ്ണജൂബിലി സ്മാരകമായി എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള ഓഫീസ് അനക്‌സ് കെട്ടിടത്തിന്റെ നിർമ്മാണം തൃപ്തികരമാണെന്നും ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൗൺസിൽ വിലയിരുത്തി. റവന്യൂ വിഭാഗത്തിൽ മൂല്യനിർണയ അനുമതി ലഭിച്ചതിനാൽ തനത് ഫണ്ട് ഉപയോഗിച്ച് വി.ആർ.പുരം കമ്മ്യൂണിറ്റി ഹാളിന്റെ മുൻഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനും തീരുമാനമായി.
അഗതി രഹിത കേരളം ഗുണഭോക്താക്കൾക്ക് മാസം തോറും നൽകുന്ന പോഷകാഹാര കിറ്റിന് സർക്കാർ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക നൽകാൻ തീരുമാനിച്ചു. ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷനായി.
ശ്രദ്ധിക്കാൻ...........
ഇതുവരെ മാലിന്യം നിക്ഷേപിച്ചെന്ന് കണ്ടെത്തിയവരുടെ എണ്ണം 54, പിഴ ഈടാക്കിയവരുടെ എണ്ണം 44. കടകളുടേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടേയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാലും നടപടി.