ചാലക്കുടി: വന്യമൃഗങ്ങൾ പ്രത്യേകിച്ച് ആനകൾ റോഡിന് കുറുകെ കടക്കുന്ന ദൃശ്യം പകർത്തി, വാഹന യാത്രികർക്ക് ജാഗ്രതാനിർദ്ദേശം നൽകാൻ സ്ഥാപിച്ച ക്യാമറ തലതിരിഞ്ഞ നിലയിൽ. പ്രവർത്തിച്ചില്ലെങ്കിൽ തല തിരിഞ്ഞിരുന്നാലും കുഴപ്പമില്ലെന്ന മട്ടിലാണ് വനംവകുപ്പ്. തുമ്പൂർമുഴിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറയ്ക്കാണ് ഈ ദുരവസ്ഥ.
തുമ്പൂർമുഴി ഉദ്യാനത്തിന് അരികെ രണ്ട് വർഷം മുൻപ് നിരീക്ഷണ കാമറ സ്ഥാപിക്കുമ്പോൾ വനപാലകർക്ക് ഏറെ പ്രതീക്ഷയായിരുന്നു. ആനകൾ കടന്നുപോകുന്ന വേളകളിൽ എൽ.ഇ.ഡി ബോർഡിൽ തെളിഞ്ഞ അപായ സൂചന പ്രകാരം റോഡിൽ വാഹനങ്ങൾ നിറുത്തിയിടും.
ആനകൾ മറയുമ്പോൾ വാഹനങ്ങൾ കടത്തി വിടും. ഈ രീതിയിൽ മൂന്നോ നാലോ മാസം തുടർന്നു. നിശ്ചലമായ സംവിധാനം കേടുപാട് തീർത്ത് വീണ്ടും പ്രവർത്തിച്ചെങ്കിലും പഴയ പടിയിലെത്താൻ കാലതാമസമുണ്ടായില്ല.
ഇതിനിടെ ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച നിരീക്ഷണ കാമറ തലകീഴായി കിടന്നു. ഇത് ശ്രദ്ധിക്കാൻ വരെ ആരും മെനക്കെട്ടില്ല. ഇവിടുത്തെ മറ്റൊരു കാമറ 50 മീറ്റർ അകലെ കാടിനകത്തും സ്ഥാപിച്ചിരുന്നു. അണ്ടർ കേബിൾ വഴിയാണ് ഇതിന്റെ പ്രവർത്തനം. ഇതിനിടെ ചിക്ലായി ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകളും അധികം വൈകാതെ നോക്കുകുത്തിയായി. ഇപ്പോൾ ഇതേക്കുറിച്ച് എല്ലാവരും മറന്ന മട്ടാണ്.