തൃശൂർ: രാഷ്ട്ര പിതാവ് മഹാത്മജി കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം സന്ദർശിച്ചതിന്റെ 90-ാം വാർഷിക അനുസമരണ യോഗം ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനീഷ് തയ്യിൽ ഉദ്ഘാടനം ചെയ്തു. റീഡിംഗ് റൂം പ്രസിഡന്റ് സന്തോഷ് കിളവൻപറമ്പിൽ അദ്ധ്യക്ഷനായി.
ഗാന്ധിജി പങ്കെടുത്ത പരിപാടിയിൽ ഉണ്ടായിരുന്ന അച്ചുതൻ മാസ്റ്ററെയും കൗൺസിലർ കുമാരനെയും ഗാന്ധിയൻ കെ.എം. സിദ്ധാർത്ഥൻ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. എസ്.എൻ.ബി.പി യോഗം ട്രഷർ സുനിൽ പയ്യപാടൻ, മാതൃസമിതി സെക്രട്ടറി അജിത സന്തോഷ് എന്നിവർ സംസാരിച്ചു. എസ്.എൻ ലൈബ്രറി സെക്രട്ടറി വി.ജി. സുരേഷ് സ്വാഗതവും എസ്.എൻ ലൈബ്രറി ജോയിന്റ് സെക്രട്ടറി ബിനോജ് നന്ദിയും പറഞ്ഞു.