modi-

തൃശൂർ: കൊല്ലം പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ സമാപന പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് സ്വാമിമാരും ആശ്രമം അധികൃതരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുണ്ടെങ്കിലും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി അധികൃതർ പറഞ്ഞു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെ ഒൻപതിനായിരുന്നു കൂടിക്കാഴ്ച.

ഏപ്രിൽ 29 മുതൽ മേയ് എട്ട് വരെയാണ് ശതാബ്ദി. ആ ദിവസങ്ങളിൽ വരാനായില്ലെങ്കിൽ മറ്റൊരു ദിവസം വരാമെന്ന് ഉറപ്പുനൽകിയതായി പന്മന ആശ്രമം ജനറൽ സെക്രട്ടറി ഗിരീഷ്‌കുമാർ പറഞ്ഞു. സ്വാമി ചിദാനന്ദപുരി, വാഴൂർ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചട്ടമ്പി സ്വാമികളുടെ ഫോട്ടോയും സന്ദേശമടങ്ങിയ പുസ്തകങ്ങളും മോദിക്ക് നൽകി.