s

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേനടപ്പന്തലിലെ വിവാഹമണ്ഡപത്തിലാണ് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. വരൻ മാവേലിക്കര സ്വദേശി ശ്രേയസ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നൽകിയ വരണമാല്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗ്യയ്ക്കും ശ്രേയസിനും നൽകി തലയിൽ കൈവച്ച് ആശീർവദിച്ചു.

പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് ഭാഗ്യയ്ക്ക് കൈവന്നത് അപൂർവ സൗഭാഗ്യവും ശ്രേയസുമാണെന്ന് അവരുടെ ബന്ധുമിത്രാദികൾ പറഞ്ഞു. ഇന്നലെ രാവിലെ 8.50 ഓടെയാണ് ഗുരുവായൂർ ക്ഷേത്ര മണ്ഡപത്തിൽ 'മോദിപ്രഭ'യിൽ വിവാഹം നടന്നത്. മോഹൻലാൽ, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുൽഫത്ത്, ഖുശ്ബു, ദിലീപ്, ബിജുമേനോൻ, ജയറാം, ഷാജി കൈലാസ്, നിർമ്മാതാവ് ഗോകുലം ഗോപാലൻ തുടങ്ങിയവരും പങ്കെടുത്തു.

അതിഥികളെ പ്രധാനമന്ത്രിക്ക് സുരേഷ്‌ ഗോപി പരിചയപ്പെടുത്തി. താരങ്ങൾക്കും വിശിഷ്ടാതിഥികൾക്കുമായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഇരിപ്പിടമൊരുക്കി. പ്രധാനമന്ത്രിയുടെ വരവുകാത്ത് നിന്നിരുന്ന നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് നമസ്‌കാരം പറഞ്ഞാണ് മോദി കടന്നുവന്നത്. മണ്ഡപത്തിന് താഴെ നിൽക്കുന്ന വധൂവരന്മാരുടെ കുടുംബാംഗങ്ങളെയും മറ്റും കൈവീശിയും കൈകൂപ്പിയും അഭിവാദ്യമർപ്പിച്ചപ്പോൾ കരഘോഷം മുഴങ്ങി.