അന്നമനട : ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 25ന് പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാൻ കെ.പി.എം.എസ് അന്നമനട യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എസ്. സന്തോഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ. സുരൻ റിപ്പോർട്ടിംഗ് നടത്തി. ശ്രേണിബദ്ധമായ ജാതിഘടനയിൽ രാജ്യത്തിന്റെ അധികാരവും വിഭവങ്ങളും കൈയടക്കി വച്ചിരിക്കുന്നത് കേവലം 15 ശതമാനം മാത്രമുള്ള സവർണ വിഭാഗങ്ങളാണെന്നും സാമൂഹിക നീതിയുടെ വിഷയമായി മുന്നാക്ക സംവരണം നടപ്പാക്കിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സാമൂഹിക നീതിയോട് പ്രതിബദ്ധതയുണ്ടെങ്കിൽ ജാതി സെൻസസ് നടപ്പാക്കാൻ തയ്യാറാകണമെന്ന് പി.എൻ. സുരൻ പറഞ്ഞു. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം 23ന് അന്നമനടയിൽ വിളംബര ജാഥ നടത്താൻ യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുബ്രൻ, യൂണിയൻ സെക്രട്ടറി ഗീതാ ഭാസി, വി.ജി. ശശി, പി.സി. രവി, എം.കെ. ഷിബു, സന്തോഷ് എന്നിവർ സംസാരിച്ചു.