
തൃപ്രയാർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് അഞ്ചുദിനം മുൻപേ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശ്രീരാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനസായൂജ്യം നേടി. ഇന്നലെ രാവിലെ 10.05ന് തൃപ്രയാർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പടിഞ്ഞാറെ നടയിലൂടെ വടക്കേനടയിലുള്ള ഗോശാലകൃഷ്ണനെ ആദ്യം വണങ്ങി. അവിടെ നെയ്ക്കുടം സമർപ്പിച്ച്, ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന തീവ്രാനദിയുടെ കടവിലെത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ, സർവൈശ്വര്യത്തിനായുള്ള മീനൂട്ട് നടത്തി.
രണ്ടു മിനിട്ടോളം നദിക്കരയിൽ ചെലവഴിച്ച അദ്ദേഹം തിരിച്ചെത്തി വലിയ ബലിക്കല്ലിന്റെ ഇടതു വശത്തു കൂടി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. മുഖമണ്ഡപത്തിന് ഇടതു വശത്തുകൂടി ശ്രീകോവിലിനു മുന്നിലെത്തി ആദ്യം മണ്ഡപത്തിൽ ഹനുമദ് പ്രീതിക്കായി വിളക്ക് തെളിച്ചു. ശ്രീരാമചന്ദ്രനെ വണങ്ങി. നെയ്ക്കുടം, തളികയിൽ താമരപ്പൂക്കൾ, തുളസി, കദളിക്കുല എന്നിവ ഭഗവാന് സമർപ്പിച്ച് കൈകൾ കൂപ്പി തൊഴുതു.
ഏറ്റവും മുകളിലെ പടിയിൽ നെയ്ക്കുടവും രണ്ടാമത്തെ പടിയിൽ കദളിക്കുലയും മൂന്നാം പടിയിൽ പൂക്കളും സമർപ്പിച്ചു. ഈ സമയം ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭഗവാന് ചാർത്തിയ കളഭവും താമരപ്പൂക്കളും മറ്റ് പുഷ്പങ്ങളും ഭഗവത് പ്രസാദമായി നൽകി. പ്രധാനമന്ത്രിയുടെ പേരിൽ അനിഴം നക്ഷത്രത്തിൽ പുരുഷ സൂക്തവും ശ്രീരാമ അഷ്ടോത്തരശതം
പുഷ്പാഞ്ജലിയും നടത്തി. ശ്രീരാമ ക്ഷേത്രത്തിന്റെ മൂലമന്ത്രം ഉൾക്കൊള്ളുന്ന ഉപഹാരം സമ്മാനിച്ചു. ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ച് തന്ത്രി വിശദീകരിച്ചു. തുടർന്ന് ഉപദേവനായ ഗണപതിക്ക് മുന്നിലെത്തി തൊഴുത് നെയ്ക്കുടം സമർപ്പിച്ച് വലംവച്ച ശേഷം വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വണങ്ങി.
തെക്കേനടയിൽ ശാസ്താവിന് നെയ്ക്കുടം സമർപ്പിച്ച് ദർശനം പൂർത്തിയാക്കി. ഈ സമയം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ബ്രഹ്മസ്വം മഠത്തിലെ വൈദിക വിദ്യാർത്ഥികളുടെ വേദമന്ത്രാർച്ചന നടന്നു. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആട്സിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാദോപാസനയുടെ നേതൃത്വത്തിൽ സംഗീതാർച്ചനയും നൃത്താവിഷ്കാരവും നടന്നു. മുക്കാൽ മണിക്കൂറോളം അതെല്ലാം പ്രധാനമന്ത്രി ശ്രവിച്ചു. ശേഷം ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിനെ പ്രധാനമന്ത്രി ആദരിച്ചു. കൾച്ചറൽ പ്രോഗ്രാം നടത്തിയവരെയും അനുമോദിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ തൃപ്രയാർ തേവർ പുഴ കടക്കുന്ന ശില്പവും ഛായാചിത്രവും സമ്മാനിച്ചു. പ്രസാദം പദ്ധതിയിൽ ക്ഷേത്രത്തെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നിവേദനം കൈമാറി.