
ഗുരുവായൂർ: അഞ്ച് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയതിനേക്കാൾ വൻ സുരക്ഷയായിരുന്നു ഒരുക്കിയത്. റോബാരിക്കേഡുകൾ വച്ച് ക്ഷേത്ര വഴികളിലൂടെയുമുള്ള ഗതാഗതം നിരോധിച്ചും പരിസരത്തെ കെട്ടിടങ്ങളിൽ പൊലീസിനെ വിന്യസിച്ചും പഴുതടച്ച സുരക്ഷയിൽ ഗുരുവായൂർ മൂന്ന് മണിക്കൂറോളം നിശ്ശബ്ദമായി. പ്രധാനമന്ത്രി മടങ്ങിയ ശേഷം ഒമ്പതരയോടെയാണ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചത്.
നിശ്ചയിച്ച സമയത്തിലും വലിയ മാറ്റമുണ്ടായില്ല. 7.30ന് ശ്രീകൃഷ്ണകോളേജ് ഗ്രൗണ്ടിലായിരുന്നു മോദിയുടെ ഹെലികോപ്ടറിറങ്ങിയത്. ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ അഭിവാദ്യമർപ്പിക്കാനെത്തി. 7.47 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം മുണ്ടും വേഷ്ടിയും ഷാളുമണിഞ്ഞ് എട്ടോടെ ഇലക്ട്രിക് വാഹനത്തിൽ ക്ഷേത്ര പരിസരത്തെത്തി. 20 മിനിറ്റിലേറെ ദർശനം നടത്തി. തിരിച്ച് ഗസ്റ്റ് ഹൗസിൽ വന്ന് വസ്ത്രം മാറിയ ശേഷം 8.45 ന് കിഴക്കേ നടയിലെ വിവാഹമണ്ഡപത്തിലേക്കെത്തി. 9.10ന് ഗസ്റ്റ് ഹൗസിലെത്തിയ ശേഷം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയാണ് ഹെലികോപ്ടറിൽ വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയത്.