
തൃപ്രയാർ: മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടത്തെ അപ്രതീക്ഷിത റോഡ് ഷോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശത്തിലാക്കി. ഇന്നലെ തൃപ്രയാർ ക്ഷേത്രത്തിലെ ദർശനശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിന്റെ ഫുട്‌റെസ്റ്റിൽ നിന്ന് റോഡിന് ഇരുവശവും നിന്ന ജനാവലിയെ മോദി അഭിവാദ്യം ചെയ്തത്.
ഇതോടെ ജനക്കൂട്ടം 'മോദി" വിളികളുമായി ആവേശത്തിലായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഭണ്ഡാരം മുതൽ പോളി ജംഗ്ഷൻ വരെയുള്ള അരക്കിലോമീറ്ററാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്. തൃപ്രയാർ സന്ദർശന ഷെഡ്യൂളിൽ റോഡ് ഷോ ഉൾപ്പെടുത്തിയിരുന്നില്ല.
വെയിലിനെപ്പോലും കൂസാതെയാണ് ജനങ്ങൾ മണിക്കൂറുകളോളം പ്രധാനമന്ത്രിയെ കാണാൻ റോഡിലെ ബാരിക്കേഡിന് പിറകിൽ കാത്തുനിന്നത്. ജനങ്ങളുടെ ആവേശം കണ്ട മോദി പെട്ടെന്ന് പുറത്തിറങ്ങി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അമ്പരന്നു. കാറിൽ നിന്ന് പുറത്തുകടന്നയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ വലയം ചെയ്തു.
ഇന്നലെ രാവിലെ 10.10നാണ് മോദി തൃപ്രയാർ ക്ഷേത്രത്തിലെത്തിയത്. പ്രധാനവഴിപാടായ മീനൂട്ട് നടത്തി. ദർശനശേഷം 21 കുട്ടികളുടെ വേദ, സംഗീതാർച്ചന 40 മിനിട്ടോളം കേട്ടിരുന്നു.
ഗുരുവായൂരിൽ
ഗുരുവായൂരിൽ ശ്രീകോവിലിന് പ്രദക്ഷിണം വച്ച മോദി ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരെ തൊഴുത് നാലമ്പലം പ്രദക്ഷിണം വച്ച് കിഴക്കേനട വഴിയാണ് ക്ഷേത്രത്തിന് പുറത്തിറങ്ങിയത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ഗുരുവായൂരപ്പന്റെ ദാരുശില്പവും ചുവർചിത്രവും നൽകി. തുടർന്ന് ഹെലികോപ്ടറിൽ വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിലും റോഡ്മാർഗം തൃപ്രയാറിലുമെത്തി.