കൊടുങ്ങല്ലൂർ: ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പൊളിച്ചു മാറ്റാൻ ഇടയാക്കിയ മുഴുവൻ വീടുകളും പുനരുദ്ധരിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 140 ഓളം വീടുകളാണ് അധികൃതരുടേയും കൗൺസിലർമാരുടേയും അനാസ്ഥകൊണ്ട് പൊളിച്ചിട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണം അനുവദിപ്പിച്ച് വീട് നിർമ്മാണം തുടങ്ങാമെന്ന് മോഹം നൽകിയത് ഇപ്പോൾ വ്യാമോഹം മാത്രമായിരിക്കുകയാണ്. ഇല്ലാത്ത മോഹങ്ങൾ നൽകി പാവപ്പെട്ടവരുടെ വീട് പൊളിച്ച് കളയിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഈ കുടുംബങ്ങളെ ചേർത്ത് ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കെ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു.