കുന്നംകുളം: തെരുവുകളിലും ബസ് സ്റ്റാൻഡിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 ന് നഗരസഭ കോൺഫറൻസ് ഹാളിൽ എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അദ്ധ്യക്ഷയാവും. മാലിന്യ സംസ്‌കരണത്തിന് പുത്തൻ മാതൃകയായി നടപ്പാക്കുന്ന മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാ വലയത്തിലാക്കുക കൂടിയാണ് നഗരസഭ ലക്ഷ്യമിടുന്നത്. വിവിധയിടങ്ങളിൽ 18 ക്യാമറകളാണ് സ്ഥാപിച്ചത്. 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭാ ആരോഗ്യവിഭാഗത്തിൽ നിരീക്ഷണത്തിനായി റൂം സജ്ജമാക്കി. കുന്നംകുളം പൊലീസ് സ്റ്റേഷനിലും നിരീക്ഷണത്തിനുള്ള സൗകര്യമുണ്ട്. ഇവ രണ്ടും കേന്ദ്രീകൃത നിരീക്ഷണ ഇടങ്ങളാണ്.
മുനിസിപ്പൽ ജംഗ്ഷൻ, ഹെർബർട്ട് റോഡ് ജംഗ്ഷൻ, ടി.ടി.ദേവസി ജംഗ്ഷൻ, തുറക്കുളം മാർക്കറ്റ്, വിക്ടറി, പഴയ ബസ് സ്റ്റാൻഡ്, ടി.കെ.കൃഷ്ണൻ റോഡ്, മധുരക്കുളം, ജവഹർ തിയേറ്റർ, കാണിപ്പയ്യൂർ, വൈശേരി, ആനായ്ക്കൽ ജംഗ്ഷൻ, പനങ്ങാടി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ ചിലയിടങ്ങളിൽ രണ്ടും മൂന്നും ക്യാമറകൾ സ്ഥാപിച്ചു. പാലക്കാട് ഭഗവതി അസോസിയേറ്റ്‌സാണ് ക്യാമറകളുടെ പ്രവർത്തനം സജ്ജീകരിച്ചത്. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, എ.സി.പി സി.ആർ.സന്തോഷ്, എസ്.എച്ച്.ഒ യു.കെ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കും.