vedham

തൃശൂർ: മുന്നിൽ നദി, കൈയിൽ അരിയും മലരും അടങ്ങുന്ന വിഭവങ്ങളുമായി മോദി. പച്ചപ്പണിഞ്ഞ പുഴയോരത്ത് മത്സ്യക്കൂട്ടങ്ങൾക്കുള്ള അന്നവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് മിനിറ്റോളം ചെലവഴിച്ചു. ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെ പോലെ പുഴയോട് ചേർന്നുനിൽക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലും പോസ്റ്റ് ചെയ്തതോടെ ലക്ഷങ്ങൾ ഇഷ്ടം രേഖപ്പെടുത്തി, റീ ട്വീറ്റും ചെയ്തു. ഇതോടെ നാലമ്പല തീർത്ഥാടനത്തിന് പേരുകേട്ട തൃപ്രയാറിന്റെ പേരും പെരുമയും കൂടുതൽ പേരിലേക്കെത്തി.

മുപ്പത്തിമുക്കോടി ദേവകൾ സംഗമിക്കുന്ന ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ സന്നിധിയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. തൃപ്രയാറിൽ വിചാരിച്ചതിലേറെ നേരത്തെ എത്തിയ മോദി ഒന്നര മണിക്കൂർ ചെലവഴിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് വരും നാളുകളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് വികസനപദ്ധതികളും കേരളം പ്രതീക്ഷിക്കുന്നു. അടിസ്ഥാനവികസനം ഉൾപ്പെടെ യാഥാർത്ഥ്യമാക്കുന്നതിന് വലിയ മാസ്റ്റർ പ്ലാനാണ് ദേവസ്വവും നൽകിയത്. പ്രധാന ആവശ്യം പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതാണ്.

ക്ഷേത്രം തന്ത്രിയെ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി നരേന്ദ്രമോദി അദ്ദേഹത്തെ ആദരിച്ചു. വേദമന്ത്രാർച്ചന നടത്തിയ ബ്രഹ്മസ്വം മഠത്തിലെ കുട്ടികളുമൊന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പ്രായം കുറഞ്ഞ വൈദിക വിദ്യാർത്ഥി അഭിരാമിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. മഠത്തിലെ വൈദിക ആചാര്യനായ പശുപതി നമ്പൂതിരിയെയും ആദരിച്ചിരുന്നു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്രയാറിലെത്തിയത്.

ഫോട്ടോ ട്വീറ്റ് ചെയ്ത് മോദി

തൃപ്രയാർ ക്ഷേത്ര ദർശനത്തിന് ശേഷം നാല് ഫോട്ടോകൾ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. മീനൂട്ട് വഴിപാട്, ദേവസ്വം കമ്മിഷണറുടെ ഉപഹാര സമർപ്പണം, വേദപഠന വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ എന്നിവയാണ് എക്സ് പ്ലാറ്റ്ഫോമിലിട്ടത്. തൃപ്രയാർ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചെന്നും മലയാളത്തിൽ അദ്ധ്യാത്മ രാമായണവും ഭജനയും ശ്രവിച്ചുവെന്നുമാണ് എക്സിൽ (ട്വിറ്റർ) കുറിച്ചത്.

കുട്ടികൾക്ക് ഒപ്പം സെൽഫി

ദർശനം കഴിഞ്ഞ് വസ്ത്രം മാറി തിരികെയെത്തി, കുട്ടികൾക്ക് ഒപ്പം പ്രധാനമന്ത്രി സെൽഫിയെടുത്തു. ദർശനം കഴിഞ്ഞ് വസ്ത്രം മാറാൻ പോകുമ്പോൾ കുട്ടികൾ സെൽഫി തരുമോയെന്ന് അഭ്യർത്ഥിച്ചെങ്കിലും പ്രധാനമന്ത്രി മുഖം കൊടുത്തിരുന്നില്ല. എന്നാൽ തിരിച്ചു വരുമ്പോൾ സെൽഫിക്ക് പോസ് ചെയ്യുകയായിരുന്നു.

സുരക്ഷ കർശനം

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളാണ് എസ്.പി.ജിയും പൊലീസും ഏർപ്പെടുത്തിയത്. മണിക്കൂറുകൾക്ക് മുമ്പേ ക്ഷേത്ര പരിസരത്തേക്കുള്ള ഗതാഗതം നിറുത്തി. പലയിടത്തും മാനുഷിക പരിഗണന പോലും നൽകാതെ പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതായും നാട്ടുകാർ ആരോപിച്ചു.


പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നു. പ്രധാനമായും പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് അഭ്യർത്ഥിച്ചത്. അദ്ദേഹത്തിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു.

- ഡോ.എം.കെ.സുദർശൻ,
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്.