കാഞ്ഞാണി: മണലൂർ വെറ്ററിനറി ആശുപത്രിയുടെ മുകളിലെ ഷീ സോൺ ലേഡീസ് ഫിറ്റ്‌നസ് സെന്റർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അദ്ധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശീധരൻ, ഡോ. ആന്റണി തോപ്പിൽ എന്നിവർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ബ്ലോക്ക് മെമ്പർ ഷെൽജി ഷാജു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുഷ്പ വിശ്വംഭരൻ, അംഗങ്ങളായ രാഗേഷ് കാണിയംപറമ്പിൽ, ഷേർളി റാഫി, സിമി പ്രദീപ്, ബിന്ദു സതീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ രാമചന്ദ്രൻ, ഷോയ് നാരായണൻ എന്നിവർ പങ്കെടുത്തു.
ലക്ഷ്യം സ്ത്രീ ശാക്തീകരണം
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ദൈന്യംദിന ജീവിതശൈലി രോഗങ്ങളും മാനസിക പിരിമുറുക്കവും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് സെന്ററിന്റെ പ്രവർത്തനം. ശാരീരിക വ്യായാമങ്ങളിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാകുമെന്ന കണ്ടെത്തലാണ് പദ്ധതിക്ക് പുറകിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് മണലൂരിൽ സെന്റർ സ്ഥാപിച്ചിട്ടുള്ളത്.