ചാലക്കുടി: മലക്കപ്പാറ മേഖലയിലെ റോഡ് നവീകരണം വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പൊകലപ്പാറ മുതൽ ചളിമേട് വരെ ആറു കിലോ മീറ്റർ ദൈർഘ്യത്തിൽ നടക്കുന്ന റോഡ് ടാറിംഗാണ് വാഹന സഞ്ചാരത്തിന് തടയിട്ടത്. ചാലക്കുടിയിൽ നിന്നും വാഴച്ചാൽ വരെ മാത്രമാണ് 22 വരെ കടത്തി വിടുന്നത്. തമിഴ്‌നാട്ടിൽനിന്നും മലക്കപ്പാറയിലേയ്ക്ക് വാഹനങ്ങളെ കടത്തി വിടുന്നില്ല. തമിഴ്‌നാട്ടിലെ പൊങ്ങൽ അവധിയായതിൽ ഇപ്പോൾ അതിരപ്പിള്ളിയിൽ ധാരാളം വിനോദ സഞ്ചാരികൾ എത്തേണ്ടതായിരുന്നു. എന്നാൽ മലക്കപ്പാറ വഴി കടക്കാൻ കഴിയാത്തതിനാൽ തമിഴ്‌നാട്ടുകാർ ഇക്കുറി ഇവിടുത്തെ വിനോദ യാത്ര ഒഴിവാക്കുകയാണ്. വാഴച്ചാലിൽ കഴിഞ്ഞ രണ്ടു ദിവസമായി ആളുകൾ കുറവാണ് എത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റേയും സ്ഥിതി മറിച്ചല്ല. സ്കൂൾ വിദ്യാർത്ഥികളാണ് ഇപ്പോൾ അതിരപ്പിള്ളിയിലെ മുഖ്യ സന്ദർശകർ. തുമ്പൂർമുഴിയിലെ പാർക്കിലും കാര്യമായി തിരക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവിടെ സ്‌കൂൾ കുട്ടികളാണ് എത്തുന്നത്. പ്രധാന ദിനങ്ങളിൽ ജനങ്ങൾ എത്താത്തത് പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് തിരിച്ചടിയായി. പൊതു മരാമത്ത് ഫണ്ട് ഉപയോഗിച്ചുള്ള ബി.എം.ബി.സി റോഡ് നിർമ്മാണത്തിന്റെ പൊകലപ്പാറ പ്രദേശത്തെ പ്രവൃത്തികൾ ഏഴു ദിവസത്തിനുള്ളിൽ തീരുമെന്നാണ് അധികൃതർ പറയുന്നത്. ഷോളയാർ മുതൽ മലക്കപ്പാറ വരെ 31 കിലോ മീറ്റർ നീളുന്ന കിഫ്ബി ഫണ്ട് റോഡ് നവീകരണവും ഇനി നടക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചെറിയ ജോലികൾ നടക്കുകയാണ്. എന്നാൽ പ്രധാന പ്രവൃത്തികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല.