ഗുരുവായൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗുരുവായൂരിന്റെ വികസനത്തിന് തിരഞ്ഞെടുപ്പ് വാഗ്ദാനമായി 'മോദി ഗ്യാരന്റി' യുണ്ടാകുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് വിശ്വാസികൾ. തീർത്ഥാടന നഗരങ്ങളുടെ വികസനത്തിനായി 2015 ൽ ആരംഭിച്ച പ്രസാദ് പദ്ധതിയിൽ ക്ഷേത്രത്തെയും ഉൾപ്പെടുത്തിയിരുന്നു.
ദക്ഷിണേന്ത്യയിൽ നിന്ന് പ്രസാദ് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ട നഗരമാണ് ഗുരുവായൂർ. ഇതിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമെന്നാണ് കരുതുന്നത്.
ബഹുനില പാർക്കിംഗ് കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സി.സി.ടി.വി ക്യാമറകൾ തുടങ്ങിയവ പൂർത്തിയാക്കി. റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായെങ്കിലും, റെയിൽവേ വികസനം പരിഗണിക്കപ്പെട്ടില്ല. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ തുക നീക്കിവച്ചിട്ടുണ്ട്. തൃശൂർ - ഗുരുവായൂർ രണ്ടാം ലൈനും ഗുരുവായൂർ - തിരുനാവായ ലൈനും സ്വപ്നമായി ശേഷിക്കുകയാണ്. 2019ൽ പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയപ്പോൾ, ക്ഷേത്രത്തിന്റെ വികസനത്തിന് 450 കോടിയുടെ പദ്ധതി ദേവസ്വം ഭരണ സമിതി സമർപ്പിച്ചിരുന്നു. പൈതൃക പദ്ധതി, ഗോശാല നവീകരണം, ആനക്കോട്ട നവീകരണം എന്നിവയും റെയിൽ വികസനവും ആവശ്യപ്പെട്ടുള്ളനിവേദനമാണ് ദേവസ്വം ചെയർമാൻ നൽകിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെത്തിയപ്പോൾ പത്രസമ്മേളനം നടത്തിയാണ് മടങ്ങിയത്. അന്നും ക്ഷേത്രത്തിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്തിരുന്നു.