1

എൽത്തുരുത്ത്: മനുഷ്യന് ആത്മപരിശോധനയ്ക്കും പ്രകൃതിയെക്കുറിച്ചുള്ള പുനർവിചിന്തനത്തിനുമുള്ള അവസരംകൂടിയാണ് കാെവിഡ് നൽകിയതെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ. ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒഫ് കേരളയുടെ ഭാഗമായി സെന്റ് അലോഷ്യസ് കോളേജിൽ 'പ്രകൃതിയും സാഹിത്യവും' എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാഡമിയും സെന്റ് അലോഷ്യസ് കോളേജിലെ ഇംഗ്ലീഷ്, മലയാളം വകുപ്പുകളും അലോഷ്യൻ കോൾ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ 'കോൾ നിലങ്ങളെ തൊട്ടറിയുക' എന്ന പേരിൽ ഒരു പ്രകൃതി സവാരിയും വിദ്യാർത്ഥികളുടെ നാടൻപാട്ട് അവതരണവും കാവ്യ ആലാപനവും നടന്നു. സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. ചാക്കോ ജോസ് പി, മാനേജർ ഫാ. തോമസ് ചക്രമാക്കിൽ, ഡോ. ബെറ്റ്‌സി പോൾ, ഡോ. ദീപ്തി പരങ്ങാട്ട്, ഡോ. മെറിൻ ജോയ്, ജയ്‌സൺ ജോസ്, ടി.വി. വിൻസി എന്നിവർ സംസാരിച്ചു.