തൃശൂർ: കൊവിഡ് മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെടുകയും കുടുംബത്തിന്റെ വരുമാനം നിലച്ചതുമായ ജില്ലയിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കളക്ടർ വി.ആർ. കൃഷ്ണതേജ നടപ്പാക്കിയ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ 'ടുഗെതർ ഫൊർ തൃശൂർ' 497 കുട്ടികൾക്ക് കരുതലാകുന്നു. ഏഴ് മാസത്തിൽ മുഴുവൻ കുട്ടികൾക്കും സഹായം എത്തിക്കാനായി. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് തുടർപഠനത്തിന് സഹായം ഒരുക്കിയത്.
പ്രാരംഭഘട്ടത്തിൽ ജില്ലയിലെ കുട്ടികൾക്കാണ് ലഭ്യമാക്കിയത്. മറ്റു ജില്ലകളിലെ കുട്ടികളും ഗുണഭോക്താക്കളായി. കളക്ടർക്ക് ലഭിക്കുന്ന അപേക്ഷകളിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അന്വേഷിച്ച് വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കും. തുടർന്ന് കളക്ടർ കുട്ടികളെ നേരിൽ കണ്ട് അർഹരാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സഹായം നൽകിയത്.
കൊവിഡ് മൂലം ഭർത്താവ് നഷ്ടപ്പെട്ട നാല് സ്ത്രീകൾക്കും സഹായഹസ്തങ്ങൾ ലഭിച്ചു. നെസ്റ്റോ സൂപ്പർ മാർക്കറ്റ് മുഖേനയായിരുന്നു ഇത്.
സഹായഹസ്തമായവർ
ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്‌സ്, മണപ്പുറം ഫൗണ്ടേഷൻ, സരോജനി ദാമോദരൻ ഫൗണ്ടേഷൻ, ദി കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്‌സ് അസോസിയേഷൻ, മുകുന്ദൻ നായർ എരിഞ്ഞിപ്പുറത്ത് ഫാമിലി ട്രസ്റ്റ്, സക്കാത്ത് കമ്മിറ്റി, സി.എ ചാച്റ്റർ സതേൺ ഇന്ത്യ റീജിയണൽ കൗൺസിൽ, ചിന്മയ ട്രസ്റ്റ്, ശക്തൻ തമ്പുരാൻ കോളേജ്, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ലക്ഷ്യഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോമേഴ്‌സ്, സി.ആർ.പി.എഫ്, ഐ.ഇ.എസ് പബ്ലിക് സ്‌കൂൾ, ഡോൺ ബോസ്‌കോ, അഹല്യ കോളജ്, നിർമല കോളജ്, എൽ എഫ് കോളജ്, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക്ക് സർജൻസ്, വിശ്വാസ് കമ്പ്യൂട്ടേഴ്‌സ്, ലത്തീഫ്, കല്യാണകൃഷ്ണൻ, നാസറുദ്ദീൻ, സമീർ, അജയകുമാർ, അബ്ദുൽ ഷുക്കൂർ, ശ്രീശങ്കർ എന്നിങ്ങനെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സഹായം നൽകിയത്.
പദ്ധതിയിങ്ങനെ
കുടുംബത്തിന്റെ ഏക വരുമാന ദാതാവ് നഷ്ടപ്പെട്ടതും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌പോൺസർമാരെ കണ്ടെത്തി കുട്ടികൾക്കുള്ള സാമ്പത്തിക സഹായം എത്തിച്ച് പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കുകയുമാണ് 2023 മേയ് 20 ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം.