mini

തൃശൂർ: കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കം. കൃഷിമന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് പങ്കെടുത്തു. കൃഷി രീതികളെക്കുറിച്ചും, വിള പരിപാലനത്തെക്കുറിച്ചും സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ പ്രമുഖ ഇ - കോമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്‌ളിപ് കാർട്ട് എന്നിവയിൽ വിൽപനയ്ക്ക് ലഭ്യമാകും.

കർഷകർക്കിടയിൽ ആവശ്യക്കാരേറെയുള്ള വിള പരിപാലന ശുപാർശകൾ, കൃഷി പഞ്ചാംഗം, നെല്ല്, തെങ്ങ്, വാഴ തുടങ്ങി വിവിധ വിളകളുടെ പരിപാലനത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങൾ, ഔഷധ സസ്യങ്ങൾ, കൃഷി കീടബാധ, വിവിധ വളപ്രയോഗങ്ങൾ, കേരളത്തിലെ മണ്ണിനങ്ങൾ തുടങ്ങിയ 36 സർവകലാശാല പ്രസിദ്ധീകരണങ്ങൾ തുടക്കത്തിൽ ഓൺലൈനായി ലഭ്യമാകും. പദ്ധതിയുടെ ആരംഭത്തോട് അനുബന്ധിച്ചു പുസ്തകങ്ങളോടൊപ്പം ഓരോ പാക്കറ്റ് വിത്തും സൗജന്യമായി നൽകും.

സംസ്ഥാനത്ത് ആദ്യം

കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാക്കുന്നത്. ഇപ്പോൾ സർവകലാശാലയുടെ വിവിധ വിൽപ്പന കേന്ദ്രങ്ങളിലൂടെ മാത്രമേ സർവകലാശാല പ്രസിദ്ധീകരണങ്ങൾ കർഷകർക്ക് ലഭ്യമാകുമായിരുന്നുള്ളു. കൃഷി വകുപ്പിന്റെ 'കേരൾഅഗ്രൊ' എന്ന ബ്രാൻഡിന് കീഴിലാണ് സർവകലാശാല ഈ ഓൺലൈൻ വിൽപന നടത്തുന്നത്.