അന്നമനട: മേലഡൂർ ഗവ. എൽ.പി സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം മാള ബി. ആർ. സിയുടെ ആഭിമുഖ്യത്തിൽ മൂന്ന്, നാല് ക്ലാസുകളിലെ പെൺകുട്ടികൾക്കായി ജെൻഡർ ആൻഡ് ഇക്വിറ്റി പ്രോഗ്രാമായ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ടി.കെ. ഷാനി അദ്ധ്യക്ഷയായി. ബി.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ.എ. ഹസീന പദ്ധതി വിശദീകരണം നടത്തി. കരാട്ടെ മാസ്റ്റർ പി.ടി. ബെന്നിയുടെ നേതൃത്വത്തിൽ എസ്. ഗായത്രി ദേവിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. എസ്.എം.സി. ചെയർപേഴ്‌സൺ ടി.കെ. അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.എ. തോമസ് എന്നിവർ സംസാരിച്ചു. കരാട്ടെ മാസ്റ്റർ ബെന്നി ആയോധന കലയായ കരാട്ടെയിലുടെ സ്വയം പ്രതിരോധത്തിന് വേണ്ട അടിസ്ഥാന നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.
ലക്ഷ്യം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം
സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് ബി.ആർ.സിയുടെ നേതൃത്വത്തിൽ സർക്കാർ എൽ.പി, യു.പി സ്‌കൂളിലെ പെൺകുട്ടികൾക്ക് വിവിധ സാഹചര്യങ്ങളിൽ സ്വയംപ്രതിരോധിക്കുവാനുള്ള കഴിവ് നൽകുന്നതിന്റെ ഭാഗമായാണ് കരാട്ടെ പരിശീലനം. 23 ഓളം പെൺകുട്ടികൾ ഈ പരിശീലന പരിപാടിയിൽ ചേർന്നിട്ടുണ്ട്. യോഗ്യരായ പരിശീലകരാണ് ഇവരെ പഠിപ്പിക്കുന്നത്. സ്‌കൂളിന്റെ തീരുമാനം അനുസരിച്ച് സമയക്രമം നിശ്ചയിക്കുകയും ആഴ്ചയിൽ ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും സ്‌കൂളിൽ പരിശീലനം നൽകുകയും ചെയ്യും. ബാക്കി ദിവസങ്ങളിൽ കുട്ടികൾ വീട്ടിൽ പഠിപ്പിച്ച ഭാഗങ്ങൾ പ്രാക്ടീസ് ചെയ്യേണ്ടതാണ്. ഓരോ സ്‌കൂളുകളിലേക്കും 5000 രൂപയാണ് ബി.ആർ.സി പരിശീലനത്തിനായി അനുവദിക്കുക. വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണവും നൽകും.