ഇരിങ്ങാലക്കുട : കരുവന്നൂർ പുത്തൻതോടിന് ഇരുവശവും കരിങ്കൽ മതിൽ കെട്ടിയതിൽ കെ.എൽ.ഡി.സി വൻ അഴിമതി നടത്തിയതായി ആരോപണം ശക്തമാകുന്നു. 2018 ലെ പ്രളയത്തിന്റെ ഭാഗമായി കരുവന്നൂർ പുത്തൻതോടിന്റെ അരികുകൾ ഇടിഞ്ഞതോടെയാണ് കെ.എൽ.ഡി.സി 10 ലക്ഷം രൂപ ചെലവഴിച്ച് പുഴയുടെ അരികിൽ കരിങ്കൽ കെട്ടിയത്. അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി ആറ് മാസം കഴിഞ്ഞപ്പോൾ കരിങ്കൽ കെട്ട് തകർന്ന് പുഴയിലേക്ക് വീണു. അതിനുശേഷം കെ.എൽ.ഡി.സി 35 ലക്ഷം രൂപ വകയിരുത്തി ബണ്ട് പുനർനിർമ്മിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുതുതായി നിർമ്മിച്ച ബണ്ടിന്റെ ഇരുവശങ്ങളിലെയും അരികുകൾ കുത്തിയൊലിച്ച് പോവുകയും ബണ്ട് വീണ്ടും അപകടാവസ്ഥയിലാകുകയും ചെയ്തു. ഇതിനിടെ പുനർനിർമ്മിച്ച ബണ്ടിനോട് ചേർന്ന് വർഷങ്ങൾ പഴക്കമുള്ള അഞ്ച് മീറ്റർ വീതിയുള്ള കരിങ്കൽകെട്ട് കരാറുകാരൻ പൊളിച്ചു മാറ്റിയിരുന്നു. പ്രദേശത്ത് കെ.എൽ.ഡി.സി പണിത മോട്ടോർ ഷെഡുകൾ, റാമ്പ്, കിട എന്നീ നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ അഴിമതിയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ പുത്തൻതോട് പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. യോഗത്തിൽ ബണ്ട് സംരക്ഷണ സമിതി രൂപീകരിക്കുകയും പ്രസിഡന്റായി ഷിയാസ് പാളയംകോടിനെയും സെക്രട്ടറിയായി പ്രഭോഷ് പുരയാറ്റുപറമ്പിലിനെയും ട്രഷററായി സുജേഷിനെയും രക്ഷാധികാരിയായി വാർഡ് കൗൺസിലർ പ്രവീൺ കുറ്റിക്കാട്ടിനെയും തിരഞ്ഞെടുത്തു.