thever

തൃശൂർ: തൃപ്രയാർ ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് സമ്മാനിക്കാനുള്ള ശിൽപ്പം രാഹുൽ തയ്യാറാക്കിയത് ഒറ്റ ദിവസം കൊണ്ട്. പുഴ കടക്കുന്ന തേവരുടെ ശിൽപ്പം ഒരു ദിവസം കൊണ്ട് തയ്യാറാക്കാൻ സാധിക്കുമോയെന്ന ദേവസ്വം ബോർഡ് അധികൃതരുടെ ചോദ്യത്തിന് മുന്നിൽ മുറ്റിച്ചൂർ സ്വദേശി ഒന്ന് ആശങ്കപ്പെട്ടെങ്കിലും വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് തൃപ്രയാർ തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടക്കുന്നത് മനോഹരമായ കാഴ്ചയാണ്. തൃപ്രയാർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി എത്തുന്ന പ്രധാനമന്ത്രിക്ക് പുഴ കടക്കുന്ന ശിൽപ്പം ഉപഹാരമായി സമ്മാനിക്കണമെന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരുടെ ആഗ്രഹം. ഇതിനായി ഈ മേഖലയിൽ ഒന്നര പതിറ്റാണ്ടിലേറെ കാലം പരിചയ സമ്പത്തുള്ള രാഹുലിനെ ചുമതലപ്പെടുത്തുകയായിരുന്നു.

പള്ളിയോടത്തിൽ ചേങ്ങിലപുറത്ത് കോലവും മുന്നിൽ തൊഴുതിരിക്കുന്ന ഹനുമാന്റെ പ്രതിമയും പിന്നിൽ ഓലക്കുടയും പങ്കായവുമാണ് ശിൽപത്തിൽ ഉള്ളത്. ഇതിൽ ഹനുമാന്റെ പ്രതിമ ഒഴിച്ച് ബാക്കിയെല്ലാം സ്വന്തം കൈവിരുത് കൊണ്ട് രാഹുൽ മിനുക്കിയെടുത്തതാണ്. 24 മണിക്കൂറുനുള്ളിൽ ശിൽപ്പം ഒരുക്കി ദേവസ്വം ബോർഡിന് കൈമാറിയ ശേഷം എസ്.പി.ജിക്ക് കൈമാറി സുക്ഷ്മപരിശോധന നടത്തി.

നരേന്ദ്ര മോദി എത്തിയപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനാണ് സമ്മാനിച്ചത്. നിരവധി വർഷങ്ങളായി തൃപ്രയാറിൽ മെമന്റോയും നെയിം ബോർഡും ഉണ്ടാക്കുന്ന സ്ഥാപനം നടത്തി വരികയാണ് ചെമ്മാപ്പിള്ളി മുറ്റിച്ചൂർ കടുക്കാട്ട് രാഹുൽ. പുഴ കടക്കുന്നതിന്റെ ഛായാച്ചിത്രം കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ സി. അനിൽ കുമാറാണ് സമ്മാനിച്ചത്.