കൊടുങ്ങല്ലൂർ : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വൈകിട്ട് 3 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയത്തിന് മുമ്പിലാണ് പരിപാടി. 75,000 ചതുരശ്ര അടിയിൽ സജ്ജീകരിക്കുന്ന വിശാലമായ പന്തലിന്റെ പണികൾ പൂർത്തിയായി. 10,000 പേർക്ക് തിരുകർമ്മങ്ങളിൽ സംബന്ധിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 20 ബിഷപ്പുമാരും മുന്നൂറോളം വൈദികരും നാനൂറോളം സന്യസ്തരും മെത്രാഭിഷേക കർമ്മങ്ങളിൽ പങ്കെടുക്കും. സംഗീതസംവിധായകൻ ജെറി അമൽ ദേവിന്റെയും ഫാ. വില്യം നെല്ലിക്കലിന്റെയും നേതൃത്വത്തിൽ നൂറിലധികം വരുന്ന ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്. പൊതുസമ്മേളനത്തിനുശേഷം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി ചവിട്ടു നാടകം, മാർഗംകളി എന്നിവയടക്കം അഞ്ച് കലാപരിപാടികൾ അരങ്ങേറും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യകാർമികൻ. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രവചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയാകും.