kala

തൃശൂർ: പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാതെ കലാമണ്ഡലത്തിലെ വള്ളത്തോൾ ചെയറിന്റെ പ്രവർത്തനം മന്ദഗതിയിൽ. 2010ലാണ് ചെയർ സ്ഥാപിതമായത്. കലാമണ്ഡലം സ്ഥാപകൻകൂടിയായ മഹാകവി വള്ളത്തോളിന്റെ കൃതികളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് പ്രധാന ലക്ഷ്യമായിരുന്നെങ്കിലും അതൊന്നും ഇതുവരെ നടന്നിട്ടില്ല. ആകെ നടന്നത് ഏതാനും സെമിനാറുകൾ മാത്രം. വള്ളത്തോൾക്കവിതയുടെ വ്യാഖ്യാനകോശം ഇറക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. പ്രവർത്തനങ്ങൾക്കായി 2010ൽ അനുവദിച്ച 50 ലക്ഷത്തിൽ ഇതുവരെ ചെലവഴിച്ചത് പകുതിയോളം മാത്രം.

13 കൊല്ലത്തിനിടെ ഉപസമിതിയടക്കം യോഗം ചേർന്നത് 10 തവണ മാത്രം. വള്ളത്തോൾ കൃതികൾ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ൽ മിനി പ്രസ് വാങ്ങിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഒ.എൻ.വി കുറുപ്പ് ചെയർമാനായ സമിതിയാണ് ചെയറിന്റെ ലക്ഷ്യങ്ങൾ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മഹാകവി അക്കിത്തം ചെയർമാനായി. അദ്ദേഹത്തിന്റെ നിര്യാണശേഷം നാലുകൊല്ലം ചെയർമാൻ ഇല്ലായിരുന്നു. ഒരു കൊല്ലം മുമ്പാണ് കവി സച്ചിദാനന്ദനെ ചെയർമാനാക്കിയത്.

വള്ളത്തോൾ കൃതികളുടെ ആധികാരിക പഠനത്തിന് 2013ൽ ഒ.എൻ.വി കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം 50,000 രൂപ നീക്കിവയ്ക്കാൻ തീരുമാനിച്ചിരുന്നു. 10,000 രൂപ മുൻകൂർ അനുവദിച്ചെങ്കിലും പ്രവർത്തനം നടന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. തുക തിരിച്ചുപിടിക്കാനും നിർദ്ദേശിച്ചിരുന്നു. ചെയറിന്റെ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

ചെയറിന്റെ ലക്ഷ്യങ്ങൾ

വള്ളത്തോൾക്കവിതയുടെ വ്യാഖ്യാനകോശം

ഇംഗ്‌ളീഷിലും മലയാളത്തിലും വെബ്‌സൈറ്റ്

സമകാലിക കൃതികളെപ്പറ്റി പഠനം

വള്ളത്തോൾക്കവിതയുടെ സമ്പൂർണ സി.ഡി

വർഷംതോറും 'വള്ളത്തോൾ വേൾഡ് പോയട്രി ഡേ'

''രാജ്യാന്തര സാഹിത്യ പരിപാടികൾ ഉൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനം മെച്ചപ്പെടുത്തും.

-ഡോ.രാജേഷ്‌കുമാർ,

രജിസ്ട്രാർ, കലാമണ്ഡലം