jasna


തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച കണ്ണന്റെ ചിത്രം നൽകി കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് പുളീരിക്കുന്നത്ത് വീട്ടിൽ ജസ്‌ന. രണ്ടാഴ്ച മുമ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ മഹിളാസംഗമത്തിന് മോദി വന്നപ്പോൾ ചിത്രം കൊടുക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചിരുന്നില്ല. അന്ന് നടക്കാതിരുന്ന സ്വപ്നമാണ് ഗുരുവായൂരിൽ സഫലമായത്.

വെണ്ണക്കണ്ണന്റെ ആയിരത്തോളം ചിത്രങ്ങൾ വീട്ടമ്മയായ 31കാരി ജസ്‌ന ഇതിനിടെ വരച്ചിട്ടുണ്ട്. ഇവയിലെ 101 ചിത്രങ്ങൾ ഒരു കൊല്ലം മുമ്പ് ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു. ചെറിയ ചിത്രങ്ങൾ മുതൽ ഒരാൾ പൊക്കത്തിലുള്ളതും അക്കൂട്ടത്തിലുണ്ടായിരുന്നു. കൂട്ടുകാരികളുടെ വീട്ടിൽ കണ്ട ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങൾ ജസ്‌ന ശ്രദ്ധിച്ചിരുന്നു. 24-ാം വയസിൽ വീടുപണിക്കുള്ള സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ ഉണ്ണിക്കണ്ണനെ കണ്ടപ്പോഴാണ് വരച്ചുനോക്കാൻ തോന്നിയത്.

ചിത്രരചനയുടെ ബാലപാഠം പോലും അറിയില്ലെങ്കിലും നന്നായി വരച്ചായിരുന്നു തുടക്കം. വിശേഷാവസരങ്ങളിൽ ജസ്‌ന ഗുരവായൂരിലെത്തി ഓരോ ചിത്രങ്ങൾ സമർപ്പിച്ചിരുന്നു. അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് വരയ്ക്കാറുള്ളത്. കണ്ണനെ വരയ്ക്കുന്നതിൽ സമുദായത്തിലെ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും വിദേശത്തുള്ള ഭർത്താവ് സലീമിന്റെ പിന്തുണയുണ്ട്. മക്കൾ: ലെൻഷാനെയും ലെനിഷ്‌കയും വിദ്യാർത്ഥികളാണ്.