
തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം വച്ചുമാറാൻ തയ്യാറായെങ്കിലും കോർപറേഷനിലെ സ്ഥാനമാറ്റത്തെക്കുറിച്ച് മിണ്ടാനാകാതെ എൽ.ഡി.എഫ്. കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ. വർഗീസിനെ മേയറാക്കി മൂന്ന് വർഷം പിന്നിടുമ്പോഴും സ്ഥാനമാറ്റത്തിനുള്ള ഒരുക്കങ്ങളൊന്നും അണിയറയിലില്ല.
ഭരണം നഷ്ടപ്പെടാതിരിക്കാൻ അന്ന് എം.കെ. വർഗീസിനെ മേയറാക്കുമ്പോൾ രണ്ടുവർഷത്തിന് ശേഷം രാജിവയ്ക്കണമെന്നായിരുന്നു ധാരണ. എന്നാൽ മൂന്നു വർഷമായിട്ടും രാജിയുടെ കാര്യം പറഞ്ഞ് എം.കെ. വർഗീസിനെ സമീപിക്കാൻ പോലും ഭയപ്പെടുകയാണ് എൽ.ഡി.എഫ് നേതൃത്വം.
55 അംഗ ഭരണ സമിതിയിൽ മേയർ അടക്കം 25 പേരുടെ പിന്തുണ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗബലമുണ്ട്. ഭരണപക്ഷത്തേക്കാൾ അംഗബലം പ്രതിപക്ഷത്തിനാണ്. പലപ്പോലും പ്രതിപക്ഷം ഒറ്റക്കെട്ടായി അജണ്ടകളിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോൾ യോഗം പിരിച്ചു വിട്ട് തടിതപ്പിയാണ് മൂന്നുവർഷം പിന്നിടുന്നത്.
രണ്ടുവർഷത്തിന് ശേഷം എം.കെ. വർഗീസിനെ മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ഷാജനെ മേയറാക്കാമെന്നായിരുന്നു സി.പി.എം മോഹം. ഇതിന്റെ ഭാഗമായി പലതവണ സി.പി.എം നേതൃത്വം എം.കെ. വർഗീസുമായി സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. പല വിഷയങ്ങളിലും മേയറുടെ നിലപാടുകളിൽ സി.പി.എമ്മിനും കൗൺസിലർമാർക്കും വിയോജിപ്പുകൾ ഉണ്ടെങ്കിലും സ്വരം കടുപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ട്.
ഭരണ സമിതിയുടെ കാലാവധി തീരാൻ ഇനി രണ്ടുവർഷമേയുള്ളൂ. ഒരു വർഷമെങ്കിലും സി.പി.ഐക്ക് നൽകണം. ഭരണം എൽ.ഡി.എഫിനാണെങ്കിലും മേയറും ഡെപ്യുട്ടി മേയറും സ്വതന്ത്രരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയാതെ കോർപറേഷന്റെ കാര്യത്തിൽ ചർച്ചകൾക്ക് പോലും സാദ്ധ്യതയില്ലെന്നാണ് അണിയറ വിവരം. കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എം നേരിടുന്ന വെല്ലുവിളികൾക്കിടെ മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
നഷ്ടം സി.പി.ഐക്ക്
മുൻ കാലങ്ങളിലെല്ലാം കോർപറേഷനിൽ ഭരണം ലഭിക്കുമ്പോൾ അംഗങ്ങളുടെ എണ്ണം കുറവാണെങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും ലഭിക്കാത്ത സ്ഥിതിയുണ്ട്. സി.പി.എമ്മിലെ രാജശ്രീ ഗോപൻ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവച്ചപ്പോൾ ഊഴപ്രകാരം സി.പി.ഐക്ക് ലഭിച്ചതാണെങ്കിലും പാർട്ടിക്കുള്ളിലെ കലഹം മൂലം സ്വതന്ത്ര അംഗം എം.എൽ. റോസിക്ക് നൽകി തടിയൂരി. ഇനി മേയർ സ്ഥാനം ലഭിച്ചാലും പിടിവലിക്ക് സാദ്ധ്യതയേറെ. നാലു പേരാണ് കൗൺസിലിൽ സി.പി.ഐക്കുള്ളത്. അതിൽ ഒരാൾക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനമുണ്ട്.
മേയറുടെ മാറ്റം എന്ന വിഷയം ചർച്ച ചെയ്തിട്ടില്ല. സമയം വരുമ്പോൾ പാർട്ടി അത് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും
- കെ.കെ. വത്സരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി