തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ വോട്ടിനിട്ട് തള്ളി. അഞ്ചിനെതിരെ ആറ് വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. തങ്ങൾക്കിതിൽ പങ്കില്ലെന്ന് പറഞ്ഞ് മൂന്ന് ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. തൃപ്രയാർ ജംഗ്ഷനിൽ ഡിവൈഡറിലും സിഗ്നൽ പോസ്റ്റിലും പതിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അഴിമതി നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സിഗ്‌നലും ഡിവൈഡറും സ്ഥാപിച്ച യു.ഡി.എഫിന്റെ പത്തു വർഷക്കാലത്തെ മുഴുവൻ കാര്യങ്ങളും വിജിലൻസ് അന്വേഷണത്തിന് പഞ്ചായത്ത് ഉത്തരവായിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ കഴമ്പില്ലെന്നും യോഗത്തിനു ശേഷം പ്രസിഡന്റ് എം.ആർ. ദിനേശൻ പറഞ്ഞു.
14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് ആറ്, കോൺഗ്രസ് അഞ്ച്, ബി.ജെ.പി മൂന്ന് എന്നിവയാണ് കക്ഷിനില. ട്രാഫിക് സിഗ്‌നൽ ഡിവൈഡർ സ്ഥാപിക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അന്വേഷണത്തിന് വിട്ട സാഹചര്യത്തിൽ അവിശ്വാസപ്രമേയവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി അംഗം സുരേഷ് ഇയ്യാനി പറഞ്ഞു. അതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതെ ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയതെന്നും സുരേഷ് ഇയ്യാനി പറഞ്ഞു.
ട്രാഫിക് സിഗ്‌നലും ഡിവൈഡറും സ്ഥാപിച്ചത് 2013ൽ കോൺഗ്രസ് ഭരണകാലത്താണ്. തട്ടിക്കൂട്ട് കരാർ ഉണ്ടാക്കി യു.ഡി.എഫ് ഭരണസമിതി അനധികൃതമായി പണം സമ്പാദിച്ചു. ഈ ആരോപണവും വിജിലൻസിൽ സമർപ്പിക്കും. ഭരണസമിതിയിലെ അഞ്ച് കോൺഗ്രസ് അംഗങ്ങളെ സാക്ഷിയാക്കുകയും ചെയ്യും. ഡിവൈഡർ, സിഗ്‌നൽ ലൈറ്റ്‌സ്, പരസ്യബോർഡ്, ഇ-ടോയ്‌ലറ്റ്, ക്‌ളോക്ക് ടവർ, നൂറുദിന കർമ്മപരിപാടി ഉൾപ്പെടെ യു.ഡി.എഫ് പൊതുജനങ്ങളിൽ നിന്നും പിരിച്ച ലക്ഷങ്ങൾ ധൂർത്തടിച്ചതുൾപ്പെടെയുള്ള പരാതിയും വിജിലൻസിന് കൈമാറും.
- എം.ആർ. ദിനേശൻ
(പഞ്ചായത്ത് പ്രസിഡന്റ്)