തൃശൂർ: കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ 2022ലെ എക്‌സൈസ് മെഡൽദാനവും അവാർഡ് വിതരണവും നിർവഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്‌സൈസിന് 33 വാഹനങ്ങൾ കൂടി ഉടൻ നൽകും. അടുത്ത ബഡ്ജറ്റിൽ കൂടുതൽ വാഹനങ്ങളും ഡ്രഗ് ഡിറ്റക്ടറുകളും നൽകും. അതിർത്തിയിലെ ലഹരിക്കടത്ത് തടയാനുള്ള ആധുനിക സംവിധാനങ്ങൾ തുടർന്നും നൽകും. ലഹരിക്കടത്തിനെതിരെ ആന്റമാൻ നിക്കോബാറിൽ പോയി കേരളത്തിന്റെ എക്‌സൈസ് സേന നടത്തിയ അന്വേഷണം അഭിമാനകരമായിരുന്നു. ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനുകളിലൂടെ എക്‌സൈസ് ലോകത്തിന് മികച്ച മാതൃകയായെന്നും മന്ത്രി പറഞ്ഞു.
മികച്ച സേവനം കാഴ്ചവച്ച 24 പേർക്ക് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലും 35 പേർക്ക് ബാച്ച് ഒഫ് എക്‌സലൻസും നൽകി. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വെണ്മ കമ്മിഷണേഴ്‌സ് പുരസ്‌കാരങ്ങൾ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകളിലെ എക്‌സൈസ് റേഞ്ച് ഓഫീസുകൾക്ക് സമ്മാനിച്ചു.
തൃശൂർ സംസ്ഥാന എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്റർ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അഭിവാദ്യം സ്വീകരിച്ചു. സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകനും മറ്റും പങ്കെടുത്തു.
ജനങ്ങളും എക്‌സൈസും തമ്മിലുള്ള ബന്ധവും ശക്തമായി. കാലാനുസൃത മാറ്റം ഉൾക്കൊണ്ട് കാര്യക്ഷമമായാണ് സേന പ്രവർത്തിക്കുന്നത്.
- എം.ബി. രാജേഷ്, മന്ത്രി